ഭൂതത്താൻകെട്ട് വികസനം പ്രഖ്യാപനങ്ങളിലും കടലാസിലും
കോതമംഗലം: ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനായി ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങി. വലിയതോതിൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികളായിരുന്നു പലതും. ഭൂതത്താൻകെട്ട് ഏറെ വികസന സാദ്ധ്യതയുള്ള ടൂറിസ്റ്റ് കേന്ദ്രമാണെന്നും അത് പ്രയോജനപ്പെടുത്തുമെന്നും മാറിമാറി വന്ന സർക്കാരുകളിലെ മന്ത്രിമാർ പ്രസംഗിച്ചതല്ലാതെ ആത്മാർത്ഥമായ ഇടപെടൽ ഉണ്ടായില്ലെന്ന് മാത്രം. തൊണ്ണൂറുകളിൽ കിറ്റ്‌കോ തയ്യാറാക്കിയ ഒൻപത് കോടി രൂപയുടെ പദ്ധതിരേഖ ഉൾപ്പടെ ഫയലുകളിൽ ഒതുങ്ങി. പഴയ ഭൂതത്താൻകെട്ടിലേക്ക് തൂക്കുപാലം, ഭൂതത്താന്റെ കൂറ്റൻ പ്രതിമ, ബൊട്ടാണിക്കൽ ഗാർഡൻ, കൺവൻഷൻ സെന്റർ, കൂട്ടിക്കൽ ഭാഗത്തെ തുരുത്തിൽ ട്രീ ഹൗസ്, ഗ്ലാസ് പാലം, കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള കോട്ടേജുകൾ തുടങ്ങിയവയെല്ലാം പലഘട്ടങ്ങളിൽ ആലോചനയിൽ വന്ന പദ്ധതികളാണ്.
കഴിഞ്ഞ ടൂറിസം സീസണിലെ അനിശ്ചിതത്വം വരുന്ന സീസണിലേക്കുകൂടി നീളുമോ എന്നതാണ് സംശയം. അങ്ങനെവന്നാൽ ഭൂതത്താൻകെട്ടിന്റെ ടൂറിസം സാദ്ധ്യതകൾക്ക് വലിയ തിരിച്ചടി ഉണ്ടാകും.
യാഥാർത്ഥ്യമാകാതെ
മിനി ഫിലിംസിറ്റിയും
ഭൂതത്താൻകെട്ടിനെയും സമീപ പ്രദേശങ്ങളെയുമെല്ലാം ഉൾപ്പെടുത്തി ഏതാനും വർഷം മുമ്പ് വൻപദ്ധതി പരിഗണിച്ചിരുന്നു. മിനി ഫിലിം സിറ്റി എന്ന നിലയിൽ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷൻ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. പെരിയാർവാലിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കറോളം സ്ഥലത്ത് അടിസ്ഥാന സൗകര്യം ഒരുക്കാനായിരുന്നു തീരുമാനം. കോതമംഗലത്തുകാരൻ സാബു ചെറിയാൻ ചെയർമാനായിരിക്കെ കെ.എസ്.എഫ്.ഡി.സിയാണ് നിർദ്ദേശം കൊണ്ടുവന്നത്. എന്നാൽ സർക്കാരിൽ നിന്ന് സഹകരണം ലഭിക്കാതെ വന്നതോടെ പദ്ധതി നിശ്ചലമായി.
ഭൂതത്താൻകെട്ടിൽ മിനി ഫിലിം സിറ്റിക്ക് ഇപ്പോഴും സാദ്ധ്യതയുണ്ട്. മുതൽമുടക്കാൻ സംരംഭകരെയും ലഭിക്കും. സർക്കാരിന്റെ സഹകരണമാണ് വേണ്ടത്
സാബു ചെറിയാൻ
വൈസ് ചെയർമാൻ
കേരള ഫിലിം ചേബർ
കേരളത്തിന്റെ ഭാവി വികസനത്തിൽ പ്രധാന പങ്കുവഹിക്കുക ടൂറിസമാണെന്നാണ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഭൂതത്താൻകെട്ടിന്റെ കാര്യത്തിൽ അത്തരമൊരു സമീപനം ഉണ്ടാകുന്നുണ്ടോ എന്നാണ് സംശയം. ഭൂതത്താൻകെട്ടിൽ ടൂറിസം വികസനത്തിന് അനുയോജ്യമായ പദ്ധതികൾ സ്വകാര്യ വ്യക്തികളും സംരംഭകരും സംഘടനകളും സർക്കാരിന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ സ്ഥലസൗകര്യം ലഭ്യമാക്കി പദ്ധതിക്ക് അനുമതി നൽകിയാൽ ഇവർ മുതൽമുടക്കാൻ തയ്യാറുമാണ്.
ജലവിഭവ വകുപ്പിന്റെ ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള തീരുമാനവും അനിശ്ചിതത്വത്തിലാണ്. ഇതിനായി സ്വകാര്യ കമ്പനിയുമായി കരാർ ഉറപ്പിച്ചതുമാണ്. എന്നാൽ ഒരു വർഷമായിട്ടും ഒന്നും ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ജലസേചനാവശ്യത്തിന് പൊന്നുംവിലക്കെടുത്ത സ്ഥലം ടൂറിസം ആവശ്യത്തിനായി പാട്ടത്തിന് നൽകുന്നതിനെതിരെ ചിലർ കോടതിയെ സമീപിച്ചതാണ് തടസത്തിന് കാരണം.