പണം വെറുതേ കയ്യില്‍ സൂക്ഷിച്ചാല്‍ 'പണി' കിട്ടും; പകരം ഇക്കാര്യങ്ങള്‍ ചെയ്യാം

Thursday 16 October 2025 7:57 PM IST

എത്ര കോടികള്‍ ഉണ്ടെങ്കിലും അതല്ല ചെറിയ തുകയാണെങ്കിലും സമ്പാദ്യം പണമായി സൂക്ഷിക്കുന്നത് നിരവധിപേരാണ്. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി പോലും പണം നേരത്തെ കൂട്ടി സൂക്ഷിച്ച് വയ്ക്കുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല. എന്നാല്‍ ഈ പ്രവണ ചിലപ്പോള്‍ വലിയ സാമ്പത്തിക നഷ്ടത്തിന് പോലും വഴിവയ്ക്കാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പമാണ് ഈ പ്രശ്‌നത്തിന് കാരണം.

ഉദാഹരണത്തിന് ഇന്ന് പൊതുവിപണിയിലെ സാധനങ്ങളുടെ വിലയും അവയ്ക്ക് 15 വര്‍ഷം മുമ്പ് ഉണ്ടായിരുന്ന വിലയും തമ്മില്‍ താരതമ്യം ചെയ്ത് നോക്കിയാല്‍ വലിയ വ്യത്യാസം കാണാന്‍ സാധിക്കും. പെട്രോള്‍, ഡീസല്‍, പാചകവാതകം, അവശ്യസാധനങ്ങള്‍, വാഹനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി ഏത് സാധനം എടുത്ത് പരിശോധിച്ചാലും വിലയില്‍ ഇരട്ടിയോ മൂന്നിരട്ടിയോ വരെ വ്യത്യാസം വന്നതായി കാണാന്‍ കഴിയും.

ഇനി ഇപ്പോഴത്തെ വില പരിശോധിച്ചാല്‍ അടുത്ത 10 മുതല്‍ 15 വര്‍ഷം വരെയുള്ള കാലഘട്ടത്തിലും വിലയില്‍ ഈ വര്‍ദ്ധനവ് കാണാന്‍ വേണ്ടി കഴിയും. അതുകൊണ്ട് തന്നെയാണ് സമ്പാദ്യം പണമായി സൂക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കമല്ലെന്ന് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ ഒരു തുകയുണ്ടെങ്കില്‍ അതിന്റെ മൂല്യം 15 വര്‍ഷം കഴിയുമ്പോള്‍ മാറിയിരിക്കും. അതായത് 10,000 രൂപ കയ്യിലുള്ള ഒരാള്‍ ആ തുക പത്ത് വര്‍ഷം കഴിഞ്ഞ് ഉപയോഗിച്ചാല്‍ ഇന്ന് വാങ്ങുന്നത് പോലെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല.

പണപ്പെരുപ്പം കാരണം രൂപയുടെ മൂല്യം കുറയുന്ന സാഹചര്യം ഒഴിവാക്കി സ്വന്തം സമ്പാദ്യം കൃത്യമായി ഉപയോഗിക്കാന്‍ നിക്ഷേപം ഉള്‍പ്പെടെയുള്ള മാതൃകകള്‍ പരീക്ഷിക്കാവുന്നതാണ്. ആസ്തി വര്‍ദ്ധിപ്പിക്കുന്നതിനായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങള്‍ എന്നിവ പരീക്ഷിക്കാവുന്നതാണെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വളര്‍ച്ചാ നിരക്കില്‍ സ്വര്‍ണത്തേക്കാള്‍ ശതമാനക്കണക്കില്‍ മുകളിലേക്ക് കുതിക്കുന്ന വെള്ളിയും പരീക്ഷിക്കാവുന്ന ഒരു നിക്ഷേപമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി പണം കൈവശം സൂക്ഷിക്കുന്നവര്‍ക്ക്.

അതുപോലെ തന്നെ ഭൂമി, കെട്ടിടങ്ങള്‍ പോലുള്ളവ വാങ്ങി അവ വാടകയ്ക്ക് കൊടുത്തും പണമായുള്ള സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതാണ്. ശമ്പളം അഥവാ വരുമാനത്തില്‍ നിന്ന് ബുദ്ധിപൂര്‍വ്വം മിച്ചം പിടിക്കുമ്പോഴാണ് സമ്പത്തിലേക്ക് വഴി തുറക്കുന്നത്. പ്രതിമാസം മിച്ചം പിടിക്കുന്ന ഈ തുകയാണ് ഭാവി ജീവിതത്തിനുള്ള ആസ്തി. അല്ലെങ്കില്‍ കുടുംബത്തിന് സന്തോഷം നല്‍കാനുള്ള ഉപാധി. ലഭിക്കുന്ന വരുമാനമല്ല കുടുംബത്തിന് സന്തോഷം നല്‍കുക. വരുമാനത്തില്‍ നിന്ന് ഉണ്ടാക്കുന്ന സമ്പാദ്യമാണ് സമ്പത്തുണ്ടാക്കാനുള്ള ഏക ഉപാധി.

വരവ് കൂടുംതോറും കൂടുന്ന പ്രതിഭാസമാണ് ചിലവ്. വരവ് കൂടുകയും ചിലവ് കുറയുകയും ചെയ്യുമ്പോള്‍ സമ്പാദ്യം ഉയരും. വരവും ചിലവും തുലനം ചെയ്ത് മാസാമാസം ഒരു നിശ്ചിത തുക മിച്ചം പിടിച്ച് വിവിധ പദ്ധതികളില്‍ നിക്ഷേപിക്കുകയെന്നതാണ് ശമ്പള വരുമാനക്കാര്‍ക്ക് സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗം.