പഞ്ചിംഗ് സ്റ്റേഷനുകൾ ഓർമ്മയാകുന്നു
പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ ജി.പി.എസ് ട്രാക്കിംഗ് സംവിധാനം വന്നതോടെ പാതയോരങ്ങളിൽ പണ്ടുകാലങ്ങളിലുണ്ടായിരുന്ന പഞ്ചിംഗ് സ്റ്റേഷനുകളും ഓർമ്മയാകുന്നു. സ്വകാര്യ ബസുകളുടെ സമയക്രമം പാലിക്കുന്നതിനായി ദേശീയ സംസ്ഥാന പാതയോരങ്ങളിൽ കാലങ്ങളായി ഉണ്ടായിരുന്ന പഞ്ചിംഗ് സ്റ്റേഷനുകൾ ഇന്ന് കാണാമറയത്താണ്. പഞ്ചിംഗ് സ്റ്റേഷനുകളിൽ ബസുകളുടെ സമയക്രമം കുറിക്കുന്നതിനായി നോട്ടുബുക്കും പേനയും ഉണ്ടായിരുന്നു. സ്റ്റാൻഡിലേക്ക് വരുന്ന ബസുകളും സ്റ്റാൻഡിൽ നിന്നു പോകുന്ന ബസുകളും പഞ്ചിംഗ് സ്റ്റേഷനു മുന്നിൽ നിറുത്തി പഞ്ചിംഗ് സ്റ്റേഷനകത്തുള്ള നോട്ടുബുക്കിൽ പാസിംഗ് ടൈം, ബസ് നമ്പർ എന്നിവയെഴുതി കണ്ടക്ടർ ഒപ്പിടണം. കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിനടുത്ത് കപ്ലിപ്പാറയിലും കുളപ്പുള്ളി സംസ്ഥാന പാതയിൽ കല്ലേക്കാട് പൊലീസ് ക്യാമ്പിന് മുൻവശത്തും വാളയാറിൽ ചെക്‌പോസ്റ്റിനു മുൻവശത്തും പഞ്ചിംഗ് സ്റ്റേഷനുകൾ ഉണ്ടായിരുന്നു.
പാലക്കാട്-കോഴിക്കോട്, പാലക്കാട്-ചെർപ്പുളശ്ശേരി റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്ക് വേണ്ടിയാണ് മുണ്ടൂരിനു സമീപം പഞ്ചിംഗ് സ്റ്റേഷൻ ഉണ്ടായിരുന്നത്. പാലക്കാട് നിന്ന് പട്ടാമ്പി, ഗുരുവായൂർ, പൊന്നാനി, ഷൊർണൂർ, മങ്കര, കല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾക്കുളളതാണ് കല്ലേക്കാട്ടെ പഞ്ചിംഗ് സ്റ്റേഷൻ. എന്നാൽ കോഴിക്കോട് ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി മുണ്ടൂരിലെ പഞ്ചിംഗ് സ്റ്റേഷൻ എടുത്ത് മാറ്റി. കല്ലേക്കാട് റോഡരികിൽ പഞ്ചിംഗ് സ്റ്റേഷൻ ഉണ്ടെങ്കിലും ഇത് ആർക്കും വേണ്ടാത്ത സ്ഥിതിയാണ്. ഓരോ ബസും സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തുംവരെ ഓരോ സ്റ്റോപ്പും കടന്നു പോകേണ്ട സമയം കൃത്യമായിരിക്കണം. ഇതിനായി മിക്ക റൂട്ടുകളിലും ഇപ്പോൾ പ്രധാന സ്റ്റോപ്പുകളിൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ പണ്ടുകാലങ്ങളിലെ പഞ്ചിംഗിനു പകരം ഇപ്പോൾ ഓഫീസുകളിൽ കമ്പ്യൂട്ടറും ജീവനക്കാരെയും നിയോഗിച്ചാണ് സ്വകാര്യ ബസുകളുടെ പഞ്ചിംഗ് നടത്തുന്നത്. സമയം തെറ്റിക്കുന്ന ബസുകൾക്കും ഇത്തരം പഞ്ചിംഗ് സെന്ററിലൂടെ പിഴയിടാക്കുന്ന സംവിധാനവുമുണ്ട്. എന്നാൽ കാലം മാറിയതോടെ സ്വകാര്യബസുകളെല്ലാം ഓട്ടോമാറ്റിക് ഡോറുകളും സി.സി.ടി.വിയും ജി.പി.എസ് ട്രാക്കിംഗ് സംവിധാനവുമടക്കം ന്യൂജെൻ ആയതോടെ പാതയോരങ്ങളിലെ പഞ്ചിംഗ് സെന്ററുകളും ഓർമ്മയാവുകയാണ്.