മധുരമൂറി ദീപാവലി വിപണി

Friday 17 October 2025 1:04 AM IST

പാലക്കാട്: ദീപാവലി ആഘോഷത്തിന് മധുരം പകരാൻ മിഠായി വിപണി സജീവം. പ്രമുഖ ബേക്കറികളെല്ലാം ദീപാവലി സ്‌പെഷ്യൽ വിഭവങ്ങൾ വിപണിയിലിറക്കി കഴിഞ്ഞു. അജ്‌മേർ പേഡ, ബൂസ്റ്റ് ബർഫി, ഹോർലിക്സ് ബർഫി, മിൽക്ക് ബർഫി, കാജു ബർഫി തുടങ്ങിയ വൈവിധ്യങ്ങൾ ഇത്തവണത്തെ വിപണിയിലുണ്ട്. വിവിധ നിറങ്ങളിലുള്ള ലഡു,​ ജിലേബി,​ മൈസൂർപാക്ക്,​ ബാദുഷ,​ പാൽഗോവ തുടങ്ങിയ മധുരപലഹാരങ്ങളടങ്ങിയ ബോക്സുകളുടെ വില്പനയാണ് പൊടിപൊടിക്കുന്നത്. അരക്കിലോ,​ ഒരുകിലോ തൂക്കമുള്ള ബോക്സുകൾക്ക് 150-300 രൂപ വരെയും നെയ്യിൽ ഉണ്ടാക്കിയ പലഹാരങ്ങൾക്ക് 300 രൂപയ്ക്ക് മുകളിലുമാണ് വില.

ദീപാവലി സ്‌പെഷ്യൽ ഗിഫ്റ്റ് പാക്കറ്റുകളും തയാറായിക്കഴിഞ്ഞു. 500 രൂപ മുതലാണ് ഗിഫ്റ്റ് പാക്കുകളുടെ വില. പേട കൊണ്ടുള്ള വിഭവങ്ങൾക്കും ആവശ്യക്കാരേറെയാണ്. 150 രൂപ മുതൽ വിലയുള്ള ദീപാവലി സ്‌പെഷൽ സ്വീറ്റ് പാക്കറ്റുകൾ ഇറങ്ങിയിട്ടുണ്ട്. പാൽ, നെയ്യ് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പലഹാരങ്ങൾക്കാണ് വിപണിയിൽ പ്രിയം. സാധാരണ ബേക്കറി ഉത്പന്നങ്ങളുടെ വിൽപനയും ദീപാവലിയുടെ ഭാഗമായി വർദ്ധിച്ചിട്ടുണ്ട്. അഞ്ചിനം മധുര പലഹാരം ഉൾപ്പെടെ 25 ഇനം വരെയുള്ള പെട്ടികളാണ് നഗരത്തിൽ ഉൾപ്പെടെയുള്ള ബേക്കറികൾ തയാറാക്കിയിരിക്കുന്നത്. സ്‌ട്രോബറി, പിസ്ത തുടങ്ങി വിവിധ രുചികളിൽ പേഡയും മറ്റു മിഠായികളും തയാറായിട്ടുണ്ട്. വൈവിധ്യമാർന്ന പേഡ നിറച്ച പെട്ടികളും പരമ്പരാഗത രീതിയിൽ ഹൽവ, മൈസൂർപാക്ക്, ജിലേബി, ലഡു, ലഡു മിക്സർ തുടങ്ങിയവ നിറച്ച പെട്ടികളും ലഭ്യമാണ്. ദീപാവലി വിഭവങ്ങളടങ്ങിയ 150, 240, 300 രൂപയുടെ ബോക്സുകൾ വരെയുണ്ട്. തമിഴ്നാട് ആസ്ഥാനമായുള്ള പ്രമുഖ ബേക്കറികൾ ഓഫറുകളുമായി രംഗത്തുണ്ട്. സാധാരണ സ്വീറ്റ്സുകൾക്കു പുറമെ സ്‌പെഷ്യൽ പാൽഗോവാ, പേഡ, ലഡ്ഡു എന്നിവയുടെ നിരവധി മോഡലുകളും വിപണിയിലുണ്ട്. ഓൺലൈനുകളിൽ വ്യാപാരം നടക്കുമെങ്കിലും ദീപാവലിക്കാലത്ത് ബേക്കറികളിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിന് കുറവില്ല. മഹാനവമി കഴിഞ്ഞതോടെ ആഘോഷങ്ങളും സജീവമാകുന്ന വേളയിൽ ദീപാവലിയുമെത്തുന്നതോടെ മധുരപലഹാര വിപണിയിൽ മധുര പ്രതീക്ഷയിലാണ് വ്യാപാരികൾ.

ദീപാവലിയോട് അനുബന്ധിച്ച് അഗ്രഹാരങ്ങളിലും പ്രത്യേകം മധുരപലഹാര വിപണി സജീവമാകാറുണ്ട്. കൽപ്പാത്തി,​ നൂറണി എന്നിവിടങ്ങളിലെ ആഗ്രഹാരങ്ങളിൽ നെയ്യിൽ തയ്യാറാക്കുന്ന പ്രത്യേക മധുരപലഹാരങ്ങൾക്ക് ആവശ്യക്കാരെയാണ്. നഗരത്തിലെയും പരിസരങ്ങളിലെയും പ്രധാന ബേക്കറികൾക്കു പുറമേ സൂപ്പർ ഹൈപ്പർ മാർക്കറ്റുകളിലും മാളുകളിലും ദീപാവലി മധുരപലഹാര വിപണി സജീവമായിക്കഴിഞ്ഞു.