താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല,​ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Thursday 16 October 2025 8:33 PM IST

കോഴിക്കോട് : താമരശേരി താലൂക്ക് ആശുപത്രിയിൽ ഒൻപത് വയസുകാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ് . പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്നും ചികിത്സാ പിഴവാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ആരോപിച്ചായിരുന്നു സനൂപ് ഡോക്ടറായ വിപിനെ ആക്രമിച്ചത്.

നേരത്തെ ഒൻപതുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓപീസർ റിപ്പോർട്ട് നൽകിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.