നാരങ്ങാവെള്ളം അത്ര സേഫല്ല, കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍

Thursday 16 October 2025 10:03 PM IST

കേരളത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ മലയാളികള്‍ ധാരാളം കുടിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് നാരങ്ങാവെള്ളം. ഏതൊരു ജംഗ്ഷനിലും കിട്ടുന്ന സാധനം, തുച്ഛമായ വില, എന്തിന് വീടുകളില്‍ പോലും വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന സാധനം തുടങ്ങി നിരവധി ഘടകങ്ങള്‍ നാരങ്ങാവെള്ളത്തെ ജനകീയമാക്കിയതിന് പിന്നിലുണ്ട്. അതുപോലെ തന്നെ ക്ഷീണവും തളര്‍ച്ചയും അകറ്റാന്‍ ഇതിലും നല്ല എനര്‍ജി ഡ്രിങ്ക് വേറെയില്ലെന്നത് മറ്റൊരു കാര്യം.

ആരോഗ്യ സംരക്ഷണത്തിനും സഹായകമായ പാനീയമാണ് നാരങ്ങാവെള്ളം എന്നതാണ് സ്വീകാര്യതയ്ക്ക് പിന്നിലെ മറ്റൊരു കാര്യം. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുന്നു, ദഹനത്തിന് സഹായകമാണ് തുടങ്ങിയവ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങാവെള്ളത്തിന്റെ സവിശേഷതകളാണ്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നാരങ്ങാവെള്ളം എല്ലാവര്‍ക്കും അത്ര സേഫല്ല എന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

ചില ആളുകള്‍ നാരങ്ങാവെള്ളം കുടിക്കുന്നത് അവരുടെ ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി പോലും ബാധിക്കാനും സാദ്ധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്. ആസിഡ് റിഫ്‌ളക്‌സ് അല്ലെങ്കില്‍ നെഞ്ചെരിപ്പ് അനുഭവപ്പെടുന്നവര്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. നാരങ്ങകള്‍ വളരെ അസിഡിറ്റി ഉള്ളവയാണ്. ആസിഡ് റിഫ്‌ളക്‌സ് ഉണ്ടെങ്കില്‍ വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കി പകരം പ്ലെയിന്‍ വെള്ളമോ ഹെര്‍ബല്‍ ടീയോ കുടിക്കുന്നതാണ് നല്ലത്.

ദന്തക്ഷയം പോലെ പല്ലിന് പ്രശ്‌നമുള്ളവരും നാരങ്ങാവെള്ളം പതിവായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശം പല്ലിന് കേട്പാട് സംഭവിക്കാനുള്ള സാദ്ധ്യത കൂട്ടുന്നവയാണ്. വായ്പ്പുണ്ണ് ഉള്ളവര്‍ നാരങ്ങാവെള്ളം ഒഴിവാക്കണം. നാരങ്ങ നീരിലെ സിട്രിക് ആസിഡ് വ്രണങ്ങളെ പ്രകോപിപ്പിക്കുകയും, മുറിവ് ഉണങ്ങുന്നത് വൈകിപ്പിക്കുകയും, അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവരും നാരങ്ങാവെള്ളം ഒഴിവാക്കുന്നതാണ് നല്ലത്.