ബീച്ചാശുപത്രി ചുമരിൽ വീണ്ടും ലഹരിയുടെ രക്തക്കറ

Friday 17 October 2025 12:40 AM IST
ചോര കൊണ്ടൊരു ചുമർചിത്രം….കോഴിക്കോട് ജനറൽ ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്ത് ലഹരി മാഫിയ പിടിമുറുക്കി, മതിലിനു പിറകിൽ വന്നിരുന്ന് ലഹരി കുത്തിവെച്ചശേഷം വരുന്ന രക്തം വിരലുകൊണ്ട് ചുമരിൽ തേച്ച പാടുകളാണിവ. ലഹരി ഉപയോഗിച്ചതിന്റെ ശേഷിപ്പുകളായ സിറിഞ്ചുകളും കാണാം. ഫോട്ടോ..കെ.വിശ്വജിത്ത്

കോഴിക്കോട്: ബീച്ചാശുപത്രി ചുമരിൽ വീണ്ടും ലഹരിയുടെ കറ. മയക്കുമരുന്ന് ഡിഅഡിക്ഷൻ സെന്ററായ ഒ.എസ്.ഡി യുടെ അടുത്തുള്ള ചുമരിലാണ് മയക്കുമരുന്ന് ഉപയോഗിച്ച സിറിഞ്ചിലെ രക്തം ലഹരിസംഘം പതിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷവും ചുമരിലെ ചോരപ്പാട് മാദ്ധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ പെയിന്റടിച്ച് നീക്കിയിരുന്നു.ഇപ്പോഴിതാ വീണ്ടും ചോരപ്പാടുകൾ നിറഞ്ഞിരിക്കുകയാണ്. രാത്രിയായാൽ ഇവിടേക്ക് ആശുപത്രി ജീവനക്കാർക്ക് പോലും പോവാൻ സാധിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി ലഹരിമാഫിയാ സംഘം ഇവിടുത്തെ സ്റ്റോർ റൂം ചവിട്ടിത്തുറന്ന് ജോലിക്കാരെ ഭീഷണിപ്പെടുത്തി സിറിഞ്ചുകൾ കവർന്നതായി ആരോപണമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ഇവിടെയെത്തി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ.ജീവൻലാലിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.

ലഹരിവിമുക്തി കേന്ദ്രം ലഹരിമാഫിയയുടെ കേന്ദ്രം

ആശുപത്രിയിൽ മയക്കുമരുന്ന് ലഹരിവിമുക്തിക്ക് വേണ്ടി തുടങ്ങിയ ഒ.എസ്.ഡി കേന്ദ്രം മറയാക്കിയാണ് ലഹരിമാഫിയ സംഘം പ്രവർത്തിക്കുന്നത്. ഇവിടെ ചികിത്സയ്ക്കെന്ന വ്യാജേന എത്തുന്ന ആളുകൾ രാത്രികാലങ്ങളിൽ ലഹരി ഉപയോഗം നടത്തുകയാണെന്നാണ് ആരോപണം. തുടർന്ന് ഈ കേന്ദ്രം ആശുപത്രിയിൽ നിന്നും മാറ്റാൻ അധികൃതർ ശ്രമിച്ചെങ്കിലും ചില എൻ.ജി.ഒകൾ കോടതിയിൽ പോയതിനെ തുടർന്ന് സ്റ്റേ ലഭിക്കുകയായിരുന്നു. രാത്രി ഇവിടെയെത്തുന്ന ലഹരിസംഘം സെക്യൂരിറ്റിക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയുണ്ട്. ലഹരി ഉപയോഗം തടയാൻ ശ്രമിച്ചാൽ ബ്ലേഡും സിറിഞ്ചും ഉപയോഗിച്ച് ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതായും പരാതിയുണ്ട്. ആശുപത്രി കോമ്പൗണ്ടിനുള്ളിലെ പഴയ വാഹനങ്ങളും ഇത്തരക്കാരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ലഹരിമാഫിയയെ തടയാൻ ലഹരിവിമുക്തി കേന്ദ്രം പൊളിച്ചുമാറ്റണമെന്ന ആവശ്യത്തിലാണ് ആശുപത്രി അധികൃതർ.