അമലിന്റെ ജീവൻ ഇനി 4 പേരിൽ സ്പന്ദിക്കും
തിരുവനന്തപുരം/കൊച്ചി: ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി മടങ്ങിയ അമൽ ബാബു (25) ഇനി നാലുപേരുടെ ജീവനിൽ തുടിക്കും. കൂട്ടുകാരുടെ ജീവനായിരുന്ന അമലിന്റെ ജീവൻ വാഹനാപകടത്തിലാണ് പൊലിഞ്ഞത്. ആഭ്യന്തരവകുപ്പിന്റെ ഹെലികോപ‌്ടറിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തിച്ച അമലിന്റെ ഹൃദയം മലപ്പുറം പൊന്നാനി സ്വദേശിയായ 33കാരനിൽ ചേർത്തുവച്ചു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരം മലയിൻകീഴ് തച്ചോട്ട്കാവ് സ്വദേശി അമൽ ബാബു സഞ്ചരിച്ച ബൈക്ക് 12ന് രാത്രിയാണ് കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അമലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധമായി. കരൾ, വൃക്കകൾ എന്നിവയും ദാനം ചെയ്തു.
ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്. തിരുവനന്തപുരം ഈഞ്ചയ്ക്കലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അമൽ. അച്ഛൻ: എ.ബാബു (റിട്ട.എസ്.ഐ), അമ്മ: ഷിംല ബാബു. ആര്യ സഹോദരി. സംസ്കാരം ഇന്ന് നടക്കും.
ഹൃദയം പറന്നെത്തി
അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. മലപ്പുറം സ്വദേശിയാണ് അജ്മൽ (33). കഴിഞ്ഞ ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെ അജ്മലിന് (33) ഗുരുതര ഹൃദയാഘാതം സംഭവിച്ചിരുന്നു. ഹൃദയം മാറ്റിവയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഹൃദയവുമായി ആംബുലൻസ് ആഭ്യന്തര വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്ക്. എറണാകുളം ഗ്രാൻഡ് ഹയാത്തിലെ ഹെലിപാഡിൽ നിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിലെത്തിച്ചു.
ഓർമ്മകൾക്ക് മരണമില്ല
രണ്ടുവർഷം മുമ്പുവരെ മലയിൻകീഴ് തച്ചോട്ടുക്കാവിലെ സുഹൃത്തിന്റെ ടർഫിലെ സഹായിയായിരുന്നു അമൽ. അവിടെ കളിക്കാനെത്തിയിരുന്ന ആർക്കും അമലിന്റെ ചിരിക്കുന്ന മുഖം മറക്കാകാനാകില്ല. എല്ലാവർക്കും ആത്മബന്ധം തോന്നുന്ന പ്രകൃതം. ടർഫിലെത്തുന്നത് അടുത്ത സുഹൃത്തുക്കളാണെങ്കിൽ കളിക്കാനും ഒപ്പം കൂടും. മികച്ച ഫുട്ബോൾ കളിക്കാരനുമായിരുന്നു.
'' തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കൾക്ക് നന്ദി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടർ സജ്ജമാക്കിയത്. ദൗത്യത്തിന്റെ ഭാഗമായ എല്ലാവർക്കും നന്ദി.
-വീണാ ജോർജ്,
ആരോഗ്യമന്ത്രി