എസ്.ബി.ഐ ആശാ സ്‌കോളർഷിപ്പിന്   നവം.15വരെ അപേക്ഷിക്കാം

Friday 17 October 2025 12:53 AM IST

* 15,000 രൂപ മുതൽ 20,00,000 രൂപ വരെ പ്രതിവർഷ സ്കോളർഷിപ്പ്

* ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും. നവംബർ 15വരെ അപേക്ഷിക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം?

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

ഐ.ഐ.ടികൾ,ഐ.ഐ.എമ്മുകൾ,മെഡിക്കൽ,പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എൻ.ഐ.ആർ.എഫ്,ടോപ്പ് 300ൽ ഉൾപ്പെട്ടതോ, നാക് 'എ' റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സഹായം ലഭിക്കും.

യോഗ്യത

വിദ്യാർത്ഥികൾ മുൻ അദ്ധ്യയന വർഷം കുറഞ്ഞത് 75ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സി.ജി.പി.എ നേടിയിരിക്കണം.

കുടുംബ വാർഷിക വരുമാനം സ്‌കൂൾ വിദ്യാർത്ഥികൾക്ക് 3ലക്ഷം രൂപയിലും കോളേജ്/പി.ജി വിദ്യാർത്ഥികൾക്ക് 6ലക്ഷം രൂപയിലും കവിയരുത്. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽലുള്ള വിദ്യാർത്ഥികൾക്ക് 10% ഇളവുണ്ട്. മുൻ അദ്ധ്യയന വർഷത്തിൽ കുറഞ്ഞത് 67.50% മാർക്ക് അല്ലെങ്കിൽ 6.30 സി.ജി.പി.എ നേടിയിരിക്കണം. പെൺകുട്ടികൾക്ക് 50%സീറ്റ് സംവരണമുണ്ട്. SC/ ST വിഭാഗക്കാർക്ക് 25% സീറ്റുകൾ സംവരണം.

സ്കോളർഷിപ്പ് തുക

കോഴ്‌സിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ് സ്‌കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം ലഭിക്കുക. പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ സമഗ്രമായ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകൾ നവം.15ന് മുമ്പായി ഔദ്യോഗിക പോർട്ടലായ https://www.sbiashascholarship.co.in/ വഴി ഓൺലൈനായി സമർപ്പിക്കാം. വിദ്യാർത്ഥികൾ അക്കാഡമിക് വിവരങ്ങൾ പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.