ശമ്പളമില്ല: പ്രതീക്ഷയറ്റ് എയ്ഡഡ് സ്കൂൾ അദ്ധ്യാപകർ

Friday 17 October 2025 12:06 AM IST
അദ്ധ്യാപകർ

സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്

കോഴിക്കോട്: നിയമനാംഗീകാരം ലഭിക്കാത്തതിനാൽ അഞ്ച് വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂളിലെ കാൽ ലക്ഷത്തോളം അദ്ധ്യാപകർ നിരാശയിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രം ഇത്തരത്തിൽ അയ്യായിരത്തോളം അദ്ധ്യാപകരുണ്ട്. അംഗീകാരം നൽകുന്നതിന് സുപ്രീംകോടതിയിൽ അനുകൂല നിലപാട് അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. എന്നാലിത് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ഈ കേസ് വർഷങ്ങൾക്ക് മുമ്പുള്ളതാണെന്നും അദ്ധ്യാപകർ പറയുന്നു. ഉടൻ പ്രശ്നപരിഹാരത്തിന് സാദ്ധ്യതയുമില്ല. കോടതി നിർദ്ദേശമനുസരിച്ച് നിയമനാംഗീകാരത്തിന് സർക്കാർ ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അദ്ധ്യാപകർ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ നിയമനാംഗീകാരം ഇനിയും നീളാനാണ് സാദ്ധ്യത. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെ തുടർന്നാണ് നിയമനാംഗീകാരം ലഭിക്കാത്തത്. ഭിന്നശേഷിക്കാർക്ക് ഒഴിച്ചിട്ട തസ്തികയിൽ ആളില്ല. അതിന്റെ പേരിൽ മറ്റുള്ളവരുടെയും നിയമനാംഗീകാരം തടഞ്ഞിരിക്കുകയാണ്. എന്നാൽ എൻ.എസ്.എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്ക് ഒഴിച്ചിട്ട തസ്തികകൾ ഒഴികെയുള്ളവയ്ക്ക് കോടതിയുത്തരവിലൂടെ നിയമനാംഗീകാരം നൽകി. ഇതേ ഉത്തരവ് മറ്റ് അദ്ധ്യാപകരും സമ്പാദിച്ചിട്ടുണ്ടെങ്കിലും സർക്കാരത് മറച്ചുവയ്ക്കുന്നുവെന്നാണ് ആക്ഷേപം. കോടതിവിധിയുടെ അടിസ്ഥാനത്തിൽ കുറച്ചുപേർ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവരുടെ ശമ്പളവും മുടങ്ങുകയാണ്. ആറു വർഷമായി ശമ്പളം കിട്ടാത്തതിനെ തുടർന്ന് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അലീന ബെന്നി കഴിഞ്ഞ ഫെബ്രുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു.

വന്നില്ല, സെലക്ഷൻ കമ്മിറ്റിയും

ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് ഏറ്റെടുത്ത് ജില്ല - സംസ്ഥാന തല സെലക്ഷൻ കമ്മിറ്റിയിലൂടെ നടപ്പിലാക്കാൻ 2023 നവംബറിൽ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്. 2 വർഷമായിട്ടും ഇത്തരത്തിൽ ഭിന്നശേഷിക്കാരുടെ നിയമനം പൂർത്തിയാക്കിയില്ല. സെലക്ഷൻ കമ്മിറ്റി പ്രവർത്തനവും തുടങ്ങിയില്ല. അതിനിടെ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുപയോഗിച്ച് നിരവധി പേർ യഥാർത്ഥ ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ട ജോലി തട്ടിയെടുത്തെന്നും ആക്ഷേപമുണ്ട്. പലതവണ സർക്കാരിലേക്ക് തെളിവുകൾ ഹാജരാക്കിയിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ല.

"പ്രശ്നം പരിഹരിക്കാൻ ഉടൻ സർക്കാർ ഇടപെടണം. അദ്ധ്യാപകരോട് കാണിക്കുന്നത് നീതി നിഷേധമാണ്."

ബിൻസിൻ ഏക്കാട്ടൂർ, കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്റ്റീവ്