സ്കൂളുകൾ പ്രവർത്തിക്കേണ്ടത് ഭരണഘടനയെ മാനിച്ച്: മന്ത്രി ശിവൻകുട്ടി

Friday 17 October 2025 12:11 AM IST

തിരുവനന്തപുരം: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത സംഭവം രാഷ്ട്രീയവത്കരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. നിയമങ്ങൾ അനുസരിച്ച് വേണം സ്കൂളുകൾ പ്രവർത്തിക്കാൻ. ഭരണഘടനാ തത്വങ്ങളും കോടതിവിധികളും വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാദ്ധ്യതയുണ്ട്. വിരുദ്ധമായ നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഇടപെടാനുള്ള പൂർണ അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും അഭിഭാഷകയുടെ ഭാഗത്തുനിന്നുമുണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്നതാണ്. പരാതി ലഭിച്ചപ്പോൾ അന്വേഷണം നടത്തി വസ്തുതകൾ കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. അദ്ദേഹം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. വിദ്യാഭ്യാസ അന്തരീക്ഷത്തിൽ രാഷ്ട്രീയപരവും വർഗീയപരവുമായ വിഭജനം സൃഷ്ടിക്കാൻ അനുവദിക്കില്ല. വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.