ആദ്യ റാങ്കുകാരനുമില്ല എൽ.പി സ്കൂൾ ടീച്ചർ നിയമനം തഥൈവ
പാലക്കാട്: വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമന ഉത്തരവ് ലഭിക്കാതെ പ്രതിസന്ധിയിൽ. 14 ജില്ലകളിലായി 6,247 പേരാണ് എൽ.പി.എസ്.ടി മെയിൻ ലിസ്റ്റിലുള്ളത്. 2025 മേയ് 31ന് ജില്ലാടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റിൽ തിരുവനന്തപുരം, തൃശൂർ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് നിയമനമുണ്ടായത്. ബാക്കിയുള്ള ജില്ലകളിൽ ആദ്യ റാങ്കുകാരന് പോലും നിയമനമില്ല.
ഓരോ ജില്ലയിലും അമ്പതിലധികം ഡിവിഷൻ ഫോളുകൾ ഈ അദ്ധ്യയന വർഷത്തിൽ വന്നതാണ് ആയിരത്തിലധികം അദ്ധ്യാപക തസ്തികകളും നഷ്ടമായത്. ആധാർ അടിസ്ഥാനത്തിൽ തലയെണ്ണൽ നടത്തിയതാണ് ഡിവിഷൻ ഫോളിന് കാരണം. ആധാറിന് പകരം ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന ഉത്തരവുണ്ടെങ്കിലും നടപ്പായില്ല. ഇതോടെ ഡിവിഷൻ ഫോൾ വന്ന പല സ്‌കൂളുകളിലും കുട്ടികളുണ്ടെങ്കിലും അദ്ധ്യാപക തസ്തികയില്ലാത്ത സാഹചര്യമാണ്. എന്നാൽ പ്രധാന അദ്ധ്യാപകരുടെ എച്ച്.ടി.വി പോസ്റ്റിൽ താത്കാലികക്കാർ മാറിമാറി വരുന്നത് സർക്കാർ സ്കൂളുകളിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കുറയ്ക്കുന്നുണ്ട്. അതേസമയം,2022 മേയ് 31നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകൾ 2025 മേയ് 30ന് അവസാനിച്ചപ്പോൾ 42 ശതമാനം നിയമന ശുപാർശ നൽകിയത് പുതിയ റാങ്ക് ലിസ്റ്റുകാരെയും ആശങ്കപ്പെടുത്തുന്നുണ്ട്.
അധികച്ചുമതലയും
മതിയായ നിയമനം നടത്താതിനെ തുടർന്ന് അധികരിച്ച ഓഫീസ് വർക്കുകളോടൊപ്പം അദ്ധ്യാപകർക്ക് ക്ലാസുകൾ കൈകാര്യം ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. ഇതിന് പരിഹാരമായി ഹൈസ്‌കൂളിലും ഹയർ സെക്കൻഡറിയിലും പ്രധാനാദ്ധ്യാപകർക്ക് ക്ലാസ് ചാർജ് ഒഴിവാക്കിയ രീതി പ്രൈമറിയിലും നടപ്പാക്കി പകരം പി.എസ്.സി ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കണം. കൂടാതെ സർക്കാർ പരിഗണനയിലുള്ള പഞ്ചായത്ത് എഡ്യൂക്കേഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് നിയമനങ്ങളും നടത്തണം. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആൾ കേരള എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് പറയുന്നത്.