മഴയിൽ കുഴഞ്ഞ് കേരളം

Thursday 16 October 2025 11:26 PM IST

രഞ്ജി ട്രോഫി രണ്ടാം ദിവസം കേരളത്തെ കുഴപ്പിച്ച് മഴയും മഹാരാഷ്ട്രയും

മഹാരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 239ന് ആൾഔട്ട്

എം.ഡി നിതീഷിന് അഞ്ചുവിക്കറ്റ്,ബേസിലിന് മൂന്ന്

രണ്ടാം ദിനം കളിനിറുത്തുമ്പോൾ കേരളം 35/3

തിരുവനന്തപുരം : കാര്യമായി പെയ്തിറങ്ങിയ മഴയും കരുത്തോടെ പിടിച്ചുനിന്ന മഹാരാഷ്ട്രയുടെ വാലറ്റവും പന്തെടുത്ത് കരുത്തുകാട്ടിയ അവരുടെ ബൗളർമാരും ചേർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനം കേരളത്തെ കുഴപ്പിച്ചു.

ആദ്യ ദിനം 18/5 എന്ന നിലയിൽ നിന്ന് 179/7 വരെയെത്തിച്ചിരുന്ന മഹാരാഷ്ട്ര തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഇന്നലെ 239വരെ വലിച്ചുനീട്ടിയ ശേഷമാണ് ആൾഔട്ടായത്. തുടർന്ന് മറുപടിക്കിറങ്ങിയ കേരളം 35 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കളയുകയും ചെയ്തു. മഴ കാരണം രാവിലെ വൈകിത്തുടങ്ങിയ മത്സരം വൈകിട്ട് നേരത്തേ നിറുത്തുകയും ചെയ്തു. ഇരു ഭാഗത്തുമായി 36 ഓവറോളം മാത്രമാണ് ഇന്നലെ കളിനടന്നത്.

10 റൺസുമായി വിക്കി ഓസ്വാളും 11 റൺസുമായി രാമകൃഷ്ണഘോഷുമാണ് ഇന്നലെ മഹാരാഷ്ട്ര ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. ആദ്യദിനത്തിലേതുപോലെ കേരളത്തിന്റെ പേസർമാർ മികവുകാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരിച്ചാണ് സംഭവിച്ചത്. ഇരുവരും ചേർന്ന് സുന്ദരമായി പ്രതിരോധിച്ചുനിന്ന് ടീമിനെ 200കടത്തി. 76 പന്തുകളിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം 31 റൺസ് നേടിയ ഘോഷിനെ ഒടുവിൽ മനോഹരമായി കുത്തിത്തിരിഞ്ഞ പന്തിൽ ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീന്റെ കയ്യിലെത്തിച്ച് അങ്കിത് ശർമ്മയാണ് സഖ്യം പൊളിച്ചത്. 59 റൺസാണ് ഇവർ എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഈ സീസണിൽ കളിക്കാനെത്തിയ അങ്കിത് കേരളത്തിനായി നേടുന്ന ആദ്യ വിക്കറ്റാണിത്. തുടർന്ന് രജനീഷ് ഗുർബാനിയെ(10) അസറിന്റെ കയ്യിലെത്തിച്ച് എം.ഡി നിതീഷ് അഞ്ചുവിക്കറ്റ് തികച്ചു. ടീം സ്കോർ 239 ലെത്തിയപ്പോൾ എൻ.പി ബേസിൽ ഓസ്വാളിനെ(38) എൽ.ബിയിൽ കുരുക്കി മഹാരാഷ്ട്രയുടെ ഇന്നിംഗ്സിന് കർട്ടനിട്ടു. ബേസിൽ മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അങ്കിതിനും ഏദൻ ആപ്പിൾ ടോമിനും ഓരോ വിക്കറ്റ് ലഭിച്ചു.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളത്തിനുവേണ്ടി ഒരറ്റത്ത് രോഹൻ കുന്നുമ്മൽ(27) കാലുറപ്പിക്കാൻ ശ്രമിക്കവേ ആറാം ഓവറിൽ രജനീഷ് ഗുർബാനി ആദ്യ പ്രഹരമേൽപ്പിച്ചു. 21 പന്തുകൾ നേരിട്ടിട്ടും സ്കോർ ബോർഡ് തുറക്കാതിരുന്ന അക്ഷയ് ചന്ദ്രനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു. പകരമിറങ്ങിയ ബാബ അപരാജിത്തിനെ (6) പത്താം ഓവറിൽ ഗുർബാനി സ്വന്തം ബൗളിംഗിൽ പിടികൂടി.35 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. 11-ാംഓവറിനായി പന്തെടുത്ത ജലജ് സക്സേന നാലാം പന്തിൽ രോഹൻ കുന്നുമ്മലിനെ എൽ.ബിയിൽ കുരുക്കിയതോടെ മഴയും വീണു. 35/3 എന്ന സ്കോറിൽ കളിയും നിറുത്തി.

പ്രതീക്ഷ സച്ചിൻ ബേബി, സഞ്ജു,

അസർ,സൽമാൻ

കളിനിറുത്തുമ്പോൾ റണ്ണെടുക്കാതെ മുൻനായകൻ സച്ചിൻ ബേബി ക്രീസിലുണ്ട്. ഇനി ഇറങ്ങാൻ സഞ്ജു സാംസൺ, നായകൻ മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നീ സ്പെഷ്യലിസ്റ്റ് ബാറ്റർമാരുണ്ട്. ലീഡ് നേടാൻ 205 റൺസ് കൂടി കേരളത്തിന് വേണം. 2017ലെ ക്വാർട്ടർ ഫൈനലിൽ കേരളത്തിനെതിരെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ രജ്നീഷ് ഗുർബാനിയാണ് വലിയ വെല്ലുവിളി. കേരള താരങ്ങളുടെ ശക്തിയും ദൗർബല്യവും നന്നായി അറിയുന്ന ജലജ് സക്സേന അപകടകാരിയായേക്കാം.

7

ഇത് ഏഴാം തവണയാണ് എം.ഡി നിതീഷ് രഞ്ജിയിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞസീസണിൽ രണ്ട് തവണ ഈ നേട്ടത്തിലെത്തിയിരുന്നു. ഈ മത്സരത്തിൽ 20 ഓവറിൽ ഏഴുമെയ്ഡനടക്കം 49 റൺസ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് നേടിയത്.

4

ജലജിന്റെ കരിയറിൽ കേരളത്തിനെതിരായ നാലാമത്തെ രഞ്ജി മത്സരമാണിത്. ഇന്നലെ തന്റെ ആദ്യ ഓവറിന്റെ നാലാം പന്തിൽ വീഴ്ത്തിയത് കേരളത്തിന് എതിരായ ആദ്യ വിക്കറ്റും.