സൗത്ത് ഏഷ്യൻ അത്‌ലറ്റിക്സ് : അഷ്ഫഖ് ഇന്ത്യൻ സീനിയർ ടീമിൽ

Thursday 16 October 2025 11:27 PM IST

ന്യൂഡൽഹി : ഈ മാസം 24 മുതൽ 26 വരെ റാഞ്ചിയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് കേരളത്തിന്റെ ജൂനിയർ താരം മുഹമ്മദ് അഷ്ഫഖ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഒഡിഷയിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ 46.87 സെക്കൻഡിൽ ഓടിയെത്തി സ്വർണം നേടിയിരുന്ന പ്രകടനമാണ് അഷ്ഫഖിന് സീനിയർ ടീമിലേക്ക് ക്ഷണം ലഭിക്കാൻ വഴിയൊരുക്കിയത്. ഈ പ്രകടനത്തോടെ അടുത്തവർഷം അമേരിക്കയിൽ നടക്കുന്ന ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും അഷ്ഫഖ് യോഗ്യത നേടിയിരുന്നു.

റാഞ്ചിയിൽ 400 മീറ്ററിലേക്കും 4-400 മീറ്റർ റിലേയിലേക്കുമാണ് അഷ്ഫഖിനെ തിരഞ്ഞെടുത്തിരിക്കുന്നത്. റിലേടീമിൽ മലയാളിയായ എഡ്‌വിൻ മാത്യുവുമുണ്ട്. തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ കെ.എസ് അജിമോന് കീഴിലാണ് അഷ്ഫഖ് പരിശീലിക്കുന്നത്.

വനിതാ വിഭാഗത്തിൽ മലയാളി സ്പ്രിന്റർ ജിൽന എം.വിയും ഇന്ത്യൻ ടീമിലുണ്ട്. 100 മീറ്ററിലും റിലേയിലുമാണ് ജിൽന ടീമിലെത്തിയത്.