പേരാമ്പ്ര സംഘർഷം: പൊലീസിനെതിരെ ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

Friday 17 October 2025 12:29 AM IST

പേരാമ്പ്ര: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ആറ് ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. പൊലീസാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ദൃശ്യങ്ങൾ നിരത്തി കോൺഗ്രസ് വാദിക്കുന്നു. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസും സി.പി.എം.പ്രവർത്തകരുമുണ്ടായിരുന്ന ഭാഗത്തു നിന്നാണെന്ന് ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു.

സംഘർഷമുണ്ടായ കഴിഞ്ഞ വെളളിയാഴ്ച രാത്രി 7.16ന് ശേഷമുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കണ്ണീർവാതകം പ്രയോഗിക്കുന്നതിനിടെ പൊലീസ് നിൽക്കുന്ന ഭാഗത്തുനിന്നു ഒരു വസ്തു വന്ന് പൊട്ടുന്നതാണ് ദൃശ്യത്തിലുള്ളത്. പൊലീസ് നിന്നിടത്ത് അമ്പതോളം സി.പി.എമ്മുകാർ ആയുധങ്ങളുമായി ഉണ്ടായിരുന്നെന്നും ആ ഭാഗത്തുനിന്നാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും പ്രവീൺകുമാർ പറഞ്ഞു. ടിയർ ഗ്യാസ് ഷെല്ലുമായി വടകര ഡിവൈ.എസ്.പി. ഹരിപ്രസാദ് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എം.പി സ്ഥലത്തുണ്ടെന്ന് പറയുന്നതിന്റെ ശബ്ദവും കേൾക്കാം.

സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ ഉൾപ്പെടെ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര ഡിവൈ.എസ്.പി. ഓഫീസിന് മുന്നിൽ യു.ഡി.എഫ് ഇന്നലെ സത്യഗ്രഹം നടത്തി. കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വിവാദ പ്രസംഗം: കേസെടുക്കണം

പേരാമ്പ്രയിൽ ഷാഫിക്കും കെ.സി.വേണുഗോപാലിനുമെതിരെ വിവാദ പ്രസംഗം നടത്തിയ ഇ.പി.ജയരാജനും ടി.പി രാമകൃഷ്ണൻ എം.എൽ.എയ്ക്കുമെതിരെ കേസെടുക്കണമെന്ന് കെ.പ്രവീൺകുമാർ ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിനെ അടിച്ചുപരിക്കേൽപ്പിച്ച പൊലീസുകാരനെതിരെ നടപടിയെടുത്തില്ലെങ്കിൽ എസ്.പിയുടെ വീടിനു മുന്നിൽ സമരം നടത്തും. പേരാമ്പ്രയിൽ ഇ.പി.ജയരാജന്റെ പ്രസംഗം പിണറായി വിജയനെ സുഖിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.