3700 കോടി നിക്ഷേപത്തില്‍ വരുന്നത് വമ്പന്‍ പദ്ധതികള്‍; ആഗോള ബ്രാന്‍ഡ് ആയി മാറാന്‍ കൊച്ചി

Friday 17 October 2025 12:01 AM IST

ബ്‌ളോക്ക് ഫാബ്രിക്കേഷന്‍, എല്‍.എന്‍.ജി കപ്പല്‍ പദ്ധതികള്‍ ആരംഭിക്കുന്നു

കൊച്ചി: കപ്പല്‍ നിര്‍മ്മാണ രംഗത്തെ ആഗോള താരമാകാന്‍ വമ്പന്‍ വിപുലീകരണത്തിന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഒരുങ്ങുന്നു. ബ്‌ളോക്ക് ഫാബ്രിക്കേഷന്‍ സംവിധാനം (ബി.എഫ്.എഫ് ), എല്‍.എന്‍.ജി കപ്പലുകളുടെ നിര്‍മ്മാണം, തമിഴ്‌നാട്ടില്‍ ക്‌ളസ്റ്റര്‍ യൂണിറ്റുകള്‍ തുടങ്ങിയവയാണ് പൈപ്പ്‌ലൈനിലുള്ളത്.

പുതുവൈപ്പിനിലെ 80 ഏക്കര്‍ സ്ഥലത്താണ് 3,700 കോടി രൂപ നിക്ഷേപത്തില്‍ ബി.എഫ്.എഫ് സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇതിനായി കപ്പല്‍ സാങ്കേതികവിദ്യാരംഗത്തെ പ്രമുഖരായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ എന്‍ജിനിയറിംഗുമായി കൈകോര്‍ക്കും. 310 മീറ്റര്‍ ആഴമുള്ള പുതിയ ഡ്രൈ ഡോക്കില്‍ വമ്പന്‍ കപ്പലുകള്‍ നിര്‍മ്മിക്കാം. രവിപുരത്തെ ഷിപ്പ്യാര്‍ഡിലെ സൗകര്യക്കുറവ് കണക്കിലെടുത്താണ് ബ്‌ളോക്ക് ഫാബ്രിക്കേഷന്‍ ഫെസിലിറ്റി ഒരുക്കുന്നത്. ഇവിടെ നിര്‍മ്മിക്കുന്ന ഭാഗങ്ങള്‍ ഡ്രൈ ഡോക്കിലെത്തിച്ച് കൂട്ടിച്ചേര്‍ക്കും. കണ്ടെയ്നര്‍ കപ്പലുകള്‍, ബള്‍ക്ക് കാരിയറുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണശേഷി ഇതിലൂടെ വര്‍ദ്ധിപ്പിക്കാനാകും.

ബി.എഫ്.എഫ് പദ്ധതി

2000 പേര്‍ക്ക് തൊഴില്‍

നിക്ഷേപം 3,700 കോടി രൂപ

പ്രതിവര്‍ഷ ഉത്പാദനം 1,20,000 മെട്രിക് ടണ്‍

പരോക്ഷ തൊഴിലുകള്‍ 4,000 മുതല്‍ 10,000 വരെ

എല്‍.എന്‍.ജി കപ്പല്‍

ദ്രവീകൃത പ്രകൃതി വാതകത്തില്‍(എല്‍.എന്‍.ജി )പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയാണ് കൊച്ചി. ലോജിസ്റ്റിക്സ് രംഗത്തെ മുന്‍നിരക്കാരായ ഫ്രാന്‍സിലെ സി.എം.എ സി.ജി.എം ഗ്രൂപ്പിനായി ആറ് എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മ്മിക്കാനാണ് കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവച്ചത്. കൊറിയയും ജപ്പാനുമാണ് നിലവില്‍ 90 % എല്‍.എന്‍.ജി കപ്പലുകള്‍ നിര്‍മ്മിക്കുന്നത്.

തമിഴ്‌നാട്ടിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

തമിഴ്‌നാട്ടില്‍ കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും.കൊച്ചിന്‍ ഷിപ്പ്യാര്‍ഡും തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്നാണ് കൊറിയന്‍ പങ്കാളിയുമായി സഹകരിച്ച് കപ്പല്‍ശാല ഒരുക്കുന്നത്. 15,000 കോടി രൂപയാണ് നിക്ഷേപം. 4,000 പേര്‍ക്ക് നേരിട്ടും 6,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അനുബന്ധമായി കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കും.