ദേവസ്വം ഐ.എ.എസുകാരെ ഏല്പിക്കണം:വെള്ളാപ്പള്ളി
ചേർത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം വ്യാപകമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ദേവസ്വം ബോർഡ് അഴിച്ചു പണിത് ഐ.എ.എസുകാരന് ചുമതലകൊടുക്കണം. രാഷ്ട്രീയക്കാരനെ കമ്മറ്റിയിൽ ഉൾപ്പെടുത്തി മന്ത്രിക്ക് പൂർണനിയന്ത്രണം നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്ഷേത്രങ്ങൾ ഒന്നാേ രണ്ടോ ദേവസ്വം ബോർഡുകൾക്ക് കീഴിലാക്കണമെന്നും ആവശ്യപ്പെട്ടു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ശബരിമല ശ്രീകോവിലിൽ പോലും ശുദ്ധിയില്ല. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞതാണ്. ചക്കരക്കുടം കണ്ടാൽ മോഷണമുണ്ടാകും.അഴിമതി പുറത്ത് വന്നത് അയ്യപ്പന്റെ അനുഗ്രഹം മൂലമാണ്. ഏത് പാർട്ടിക്കാരനായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കും. ഇടമില്ലാത്ത രാഷ്ട്രീയക്കാരുടെ ഇടമായി ദേവസ്വം ബോർഡ് അധഃപതിച്ചു.
താൻ നടത്തിയ ഒരു പരാമർശം ബ്രാഹ്മണസഭയ്ക്ക് എതിരല്ലെന്നും അവർക്ക് വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പേരിൽ ജാഥ നടത്തുന്നവർക്കെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം.അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് ലഭിച്ച വിധി എല്ലാവർക്കും ബാധകമാക്കണം. വിധിയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും നീതി നൽകേണ്ടതായിരുന്നു. സർക്കാർ നിലപാട് ശരിയല്ല.കൂടുതൽ സ്‌കൂളുകൾ ഉള്ളത് ക്രിസ്ത്യൻ മാനേജ് മെന്റുകൾക്കാണ്.എൻ.എസ്.എസിന് അതിന്റെ പകുതിയേയുള്ളു.ഞങ്ങൾക്കും കുറെ സ്‌കൂളുകളുണ്ട്. ബിഷപ്പുമാർ ഇടപെട്ടപ്പോൾ സർക്കാർ മുട്ടുമടക്കിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
' ഗണേശ് കുമാർ ഫ്യൂഡൽ മാടമ്പി '
മാതാപിതാക്കൾക്കും സഹോദരിക്കുമെതിരെ പാര പണിത കെ.ബി.ഗണേശ് കുമാർ സരിതയെ ഉപയോഗിച്ചാണ് മന്ത്രി സ്ഥാനം നേടിയതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. സരിതയുടെ ഇപ്പോഴത്തെ അവസ്ഥ മോശമായിട്ടും സഹായിക്കാൻ അയാൾ തയ്യാറായിട്ടില്ല. അഹങ്കാരത്തിന് കൈയും കാലും വെച്ച ഗണേശൻ ഫ്യൂഡൽ മാടമ്പിത്തരമാണ് കാട്ടുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അതേസമയം,വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാർ രംഗത്ത് വന്നു. അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രതികരണം. വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്റേതെന്നും അദ്ദേഹം പറഞ്ഞു.