തെരുവ് നായ ആക്രമണം: കുളത്തുപ്പുഴയിൽ 20 കോഴികൾ ചത്തു; നാട്ടുകാർ ആശങ്കയിൽ

Friday 17 October 2025 12:28 AM IST
കുളത്തൂപ്പുഴയിൽ തെരുവുനായ്ക്കൾ കടിച്ചുകൊന്ന കോഴികൾ

കുളത്തുപ്പുഴ: തെരുവ് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴയിൽ ഒരു വീട്ടിലെ മുട്ടക്കോഴികൾ ഉൾപ്പെടെ 20 കോഴികൾ ചത്തു. കല്ലുവെട്ടാംകുഴി തുണ്ടത്തിൽ വീട്ടിൽ ജെസി മാത്യുവിന്റെ കോഴികളെയാണ് കഴിഞ്ഞ ദിവസം രാത്രി കൂട്ടമായി എത്തിയ നായകൾ കടിച്ചു കൊന്നത്. കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിൽ നിന്ന് മുട്ടക്കോഴി പദ്ധതി പ്രകാരം ലഭിച്ചവ ഉൾപ്പെടെ 20 കോഴികളെ വളർത്തിയിരുന്ന കൂട് തകർത്തെറിഞ്ഞാണ് നായക്കൂട്ടം ആക്രമണം നടത്തിയത്. കോഴികളുടെ നിറുത്താതെയുള്ള ബഹളം കേട്ട് വീട്ടുകാർ ഉണർന്നെത്തിയെങ്കിലും ഇവർക്കുനേരെയും നായകൾ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ പേടിച്ച വീട്ടുകാർ കതകടച്ച് വാർഡ് മെമ്പർ ഷീജാ റാഫിയെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് മെമ്പറുടെ നിർദ്ദേശപ്രകാരം നാട്ടുകാർ ഓടിക്കൂടി കമ്പുകൾ ഉപയോഗിച്ച് നായകളെ തുരത്തിവിട്ടു. എന്നാൽ, നാട്ടുകാർ എത്തുമ്പോഴേക്കും കോഴികളിൽ പകുതിയിലധികവും നായകൾ ഭക്ഷിച്ചിരുന്നു.

ഈ മേഖലയിൽ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചുവരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. പഞ്ചായത്ത് അധികൃതർ മാലിന്യ ബോക്സുകൾ സ്ഥാപിച്ചതിലൂടെ തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കാതെ വന്നതാണ് വളർത്തുമൃഗങ്ങളെ കൂട്ടമായി ആക്രമിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.