സ്വർണപ്പോറ്റിക്ക് ചെമ്പ് പൂട്ട്, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എസ്.ഐ.ടി അറസ്റ്റു ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസിലും ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്തനംതിട്ടയിലെത്തിക്കും. ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ദേവസ്വം ബോർഡ് ആസ്ഥാനം, ശബരിമല, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും തെളിവുകളും നിരത്തിയാണ് എസ്.പി ശശിധരന്റെ നേതൃത്വത്തിൽ എല്ലാം ചോദിച്ചത്. ഹൈദരാബാദിലും ചെന്നൈയിലും പരിശോധന തുടരുകയാണ്.
കൊള്ളയടിച്ചത് എത്ര സ്വർണം, ദേവസ്വം ഉദ്യോഗസ്ഥരുടെയും ബോർഡംഗങ്ങളുടെയും പങ്ക് എന്നിവയൊക്കെ പോറ്റിയിൽ നിന്ന് തേടിയെന്നാണ് വിവരം. പോറ്റിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യും. ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവ്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയത് 2019 മാർച്ചിലാണ്. വാതിൽപ്പാളിയിലെ സ്വർണം കവർന്നത് 2019 ഓഗസ്റ്റിലും. 474.9ഗ്രാം സ്വർണം തട്ടിയെടുത്തെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. എന്നാൽ, 989 ഗ്രാം സ്വർണം അടിച്ചുമാറ്റിയെന്ന് വിജിലൻസ് കണ്ടെത്തിയതായി സൂചനയുണ്ട്. ഇത് 124 പവനോളം വരും. സ്വർണം പൂശിയതിന്റെ വാറന്റി പോറ്റിയുടെ പേരിലായിരുന്നു. ഇത് മുതലെടുത്തായിരുന്നു തട്ടിപ്പ്.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
1. കട്ടിളയിലെ 409ഗ്രാം, ദ്വാരപാലക ശില്പങ്ങളിലെ 577ഗ്രാം സ്വർണം വേർതിരിച്ചെന്നാണ് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. കട്ടിള സ്വർണം പൂശിയശേഷം ബാക്കിവന്ന 474.9 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിരുന്നു. ഈ സ്വർണം എവിടെ?
2. സന്നിധാനത്തുനിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളുള്ള സ്വർണപ്പാളികൾ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെത്തിച്ച് 39 ദിവസം കഴിഞ്ഞാണ് സ്വർണം പൂശാനായി സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. അത്രയും നാൾ എവിടെ വച്ചിരുന്നു?
3. പഴയ പാളിയുടെ പകർപ്പിൽ അച്ച് തയ്യാറാക്കി ചെമ്പു പാളിയുണ്ടാക്കി സ്വർണം പൂശിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. വിറ്റതാർക്കെല്ലാമാണ്?
4. എക്സിക്യൂട്ടീവ് ഓഫീസറുടെ കത്തിൽ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ എന്ന് പരാമർശം. പിന്നീട് ദേവസ്വം കമ്മിഷണറുടെ കത്തിലും ബോർഡിന്റെ ഉത്തരവിലും ചെമ്പുപാളികളെന്നായി. 2019 മേയിൽ തയ്യാറാക്കിയ മഹസറിലും ചെമ്പുപാളിയെന്ന്. തട്ടിപ്പ് ആസൂത്രണത്തിൽ പങ്കാളി ആരൊക്കെ?