ഗുരുവായൂരിൽ തുലാം ഒന്നുമുതൽ ദർശന സമയം കൂട്ടി
Friday 17 October 2025 12:35 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശന സമയം കൂട്ടി ദേവസ്വം ഭരണസമിതി. നാളെ മുതൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ വൈകിട്ട് മൂന്നിനേ അടയ്ക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വെെകിട്ട് നാലിന് നടതുറന്ന് രാത്രി ഒമ്പത് വരെ ദർശനം തുടരും. നിലവിൽ ഉച്ചയ്ക്ക് രണ്ടിന് നട അടച്ചാൽ വൈകിട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളിൽ 3.30നാണ് തുറക്കുക. എന്നാൽ ഭക്തരുടെ തിരക്കുമൂലം ഉച്ചയ്ക്ക് രണ്ടിന് നട അടയ്ക്കാൻ കഴിയാറില്ല. അതിനാൽ 2.45 വരെ ദർശനം അനുവദിക്കാറുണ്ട്. തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.