2,000 കോടിയുടെ ചാർജിംഗ് സ്റ്റേഷനുകൾക്ക് കേന്ദ്രപദ്ധതി
കൊച്ചി: രാജ്യമെങ്ങും 2,000 കോടി രൂപ മുടക്കിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളൊരുക്കാൻ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയത്തന്റെ അനുമതി. തുക ആവശ്യപ്പെടുന്ന സംസ്ഥാനങ്ങൾക്കായി വീതിച്ചു നൽകും. 100 ശതമാനംവരെ സബ്സിഡി നൽകും. ഉത്തരവ് സെപ്തംബർ 25ന് പുറത്തിറങ്ങി.
കേരളത്തിൽ നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി അനർട്ടിനെയാണ് അഡിഷണൽ ചീഫ് സെക്രട്ടറി ശുപാർശ ചെയ്തിരിക്കുന്നതെങ്കിലും കെ.എസ്.ഇ.ബിയും രംഗത്തുണ്ട്.
300 കോടി മുടക്കിൽ 3,600 ചാർജിംഗ് മെഷീനുകൾ സജ്ജമാക്കാനാണ് അനർട്ടിന്റെ പദ്ധതി. ടു വീലറിന് 2,000 മെഷീനുകൾ, കാറുകൾക്കായി 50 - 150 കിലോവാട്ടിന്റെ 1,300 മെഷീനുകൾ, ബസിനും ട്രക്കിനുമായി 240- 500 കിലോവാട്ടിന്റെ 300 മെഷീനുകൾ.
മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സബ്സിഡി നൽകുന്നത്.
അതത് സംസ്ഥാനങ്ങളിലെ വൈദ്യുത വിതരണ കമ്പനികളാണ് സൗകര്യം ഒരുക്കേണ്ടത്. ഉപകരാർ നൽകാം. നാഷണൽ യൂണിഫൈഡ് ഹബ്ബ് എന്ന ഏകീകൃത ആപ്ലിക്കേഷൻ കേന്ദ്രം സജ്ജമാക്കും.
കൈയയച്ച് സബ്സിഡി
കാറ്റഗറി എ: സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനാണ് 100 ശതമാനം സബ്സിഡി.
കാറ്റഗറി ബി: റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നത് 80 ശതമാനം അടിസ്ഥാന സൗകര്യ സബ്സിഡിയും മെഷീന് 70 ശതമാനം സബ്സിഡിയും.
കാറ്റഗറി സി: സ്വകാര്യ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് മാത്രം 80 ശതമാനം സബ്സിഡി.
സർക്കാർ ഓഫീസ് മുതൽ മാൾ വരെ (അനർട്ടിന്റെ പദ്ധതി പ്രകാരമുള്ള കാറ്റഗറി, സ്ഥലങ്ങൾ, തുക, സ്റ്റേഷനുകൾ)
എ---- സർക്കാർ ഓഫീസ്, ഗവ. ആശുപത്രികൾ, ഐ.ടി.ഐകൾ, പോളിടെക്നിക്കുകൾ, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകൾ, ജില്ലാ പഞ്ചായത്ത് വളപ്പുകൾ----125 കോടി----400 സ്റ്റേഷൻ
ബി----വിമാനത്താവളം, മെട്രോ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രധാന റെയിൽവേ സ്റ്റേഷനുകൾ-----60 കോടി-----250 സ്റ്റേഷൻ
സി----- സ്വകാര്യ ഹോട്ടലുകൾ, മാളുകൾ-----100 കോടി----650 സ്റ്റേഷനുകൾ
ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾക്ക്-----15 കോടി-----150 സ്റ്റേഷനുകൾ