ഈ മീന്‍ കുറഞ്ഞ വിലയ്ക്ക് ഇഷ്ടംപോലെ കിട്ടുന്നു; ഭാവിയില്‍ കിട്ടാനില്ലാത്ത അവസ്ഥ?

Friday 17 October 2025 12:52 AM IST

കോഴിക്കോട്: കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് കുഞ്ഞന്‍ മത്തി വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കുഞ്ഞന്‍ മത്തി ഇപ്പോള്‍ സംസ്ഥാനത്തെ തീരങ്ങളില്‍ സുലഭമാണ്. ഇവയെ വ്യാപകമായി പിടിക്കുകയും ചെയ്യുന്നു. എന്നാല്‍, നീളം 10 സെന്റി മീറ്ററില്‍ കുറഞ്ഞ (മിനിമം ലീഗല്‍ പ്രൈസ്) മീനുകളെ പിടിക്കരുതെന്ന നിയമം 2014 മുതല്‍ കര്‍ശനമാക്കിയിരുന്നു. ഇവയെ വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുമെന്നതു കൊണ്ടാണിത്. സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പും നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ ഉള്‍പ്പെടെ ചില ഹാര്‍ബറുകളില്‍ കുഞ്ഞന്‍ മത്തി വിതരണം തടയാന്‍ മറൈന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം കാരണം പിന്മാറേണ്ടി വന്നിരുന്നു. മറൈന്‍ പൊലീസ് പട്രോളിംഗ് കര്‍ശനമാക്കിയതോടെ അവരുടെ കണ്ണുവെട്ടിച്ചാണ് ഏജന്റുമാര്‍ ഇവ ഹാര്‍ബറിന് പുറത്തെത്തിക്കുന്നത്. കേരളതീരത്ത് നിന്നും പിടിക്കുന്ന കുഞ്ഞന്‍ മത്തികള്‍ മംഗലാപുരത്തേക്ക് അയച്ച് കോഴിത്തീറ്റ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

കുഞ്ഞന്‍ മത്തി ഉള്‍പ്പെടെയുള്ള കടലിലെ ചെറുമീനുകളില്‍ ഒരു പങ്ക് വലിയ മത്സ്യങ്ങള്‍ ആഹാരമാക്കാറുണ്ട്. ഇത്തരത്തില്‍ ചെറുമീനുകളെ പിടിക്കുന്നത് കടലിലെ ആവാസ വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മഴയും മത്തിയും കൂടുതല്‍ മലബാറില്‍

മഴ ലഭ്യത കൂടിയതും ഇക്കുറി മത്തിയുടെ വംശവര്‍ദ്ധനയ്ക്ക് ഇടയാക്കിയെന്ന് വിലയിരുത്തല്‍. ഇക്കുറി മഴ ഏറ്റവും കൂടുതല്‍ ലഭിച്ച കോഴിക്കോട് ഉള്‍പ്പെടെ മലബാര്‍ മേഖലയിലാണ് മത്തി ലഭ്യതയും കൂടിയത്. 2012ന് ശേഷം ആദ്യമായാണ് ഇത്രയധികം കുഞ്ഞന്‍ മത്തികള്‍ കേരള തീരത്ത് കാണപ്പെടുന്നത്. 2012ല്‍ സംസ്ഥാനത്ത് നാലു ലക്ഷം ടണ്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, 2021ല്‍ 3500 ടണ്ണായി കുത്തനെ കുറഞ്ഞിരുന്നു.