copy അമലിന്റെ ഹൃദയത്താൽ അജ്മലിന് പുതുജീവൻ

Friday 17 October 2025 2:54 AM IST
അമലിന്റെ ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചപ്പോൾ

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിന്റെ (25) ഹൃദയം മലപ്പുറം സ്വദേശി അജ്മലിന് (33) നൽകിയത് പുതുജീവൻ. എറണാകുളം ലിസി ആശുപത്രിയിലെ ശസ്ത്രക്രിയയ്‌ക്ക് ശേഷം അമലിന്റെ ഹൃദയം അജ്മലിൽ സ്പന്ദിച്ചു തുടങ്ങി. ഈ മാസം 12നാണ് അമൽ ബാബു വാഹനാപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ജനുവരിയിൽ പ്രവാസ ജീവിതത്തിനിടെ അജ്മലിന് (33) ഗുരുതര ഹൃദയാഘാതം സംഭവിച്ചിരുന്നു. ഹൃദയം മാറ്റിവയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനാലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തിയത്.

ബുധനാഴ്ച രാത്രിയോടെ കെസോട്ടോയിൽ നിന്ന് അവയവദാനത്തിന്റെ സന്ദേശം ലിസി ആശുപത്രിയിൽ എത്തി. തുടർന്ന് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ഹെലികോപ്റ്റർ സജ്ജമാക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ ലിസി ആശുപത്രിയിൽ നിന്ന് ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ് , ഡോ. അരുൺ ജോർജ്ജ് എന്നിവരുൾപ്പെട്ട മെഡിക്കൽ സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.

ഉച്ചയ്ക്ക് 1.30 ന് ഹൃദയവുമായി ഹെലികോപ്റ്റർ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 2.10 ന് എറണാകുളം ഗ്രാൻഡ് ഹയാത്തിൽ എത്തി. പൊലീസ് ഒരുക്കിയ ഗ്രീൻ കോറിഡോറിലൂടെ നാലു മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിൽ എത്തുകയും ഉടൻ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

വൈകിട്ട് 6.10ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. തീവ്രപരിചരണ വിഭാഗത്തിലുള്ള അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ഭാസ്‌കർ രംഗനാഥൻ, ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷ, നാസർ, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയാ സംഘത്തിൽ ഉണ്ടായിരുന്നു.