കൂടുതൽ ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ

Friday 17 October 2025 12:59 AM IST

കൊല്ലം: മിതമായ നിരക്കും കൃത്യമായ പരിശീലനവും വാഗ്ദാനം ചെയ്ത് കെ.എസ്.ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂളുകൾ ജില്ലയിൽ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുന്നു. ചാത്തന്നൂർ, ചടയമംഗലം ഡിപ്പോകൾക്ക് പുറമെ കരുനാഗപ്പള്ളി ഡിപ്പോയിലാണ് അടുത്തതായി ഡ്രൈവിംഗ് സ്കൂൾ എത്തുന്നത്.

ലൈസൻസ് നേടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അടുത്തമാസത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 2024 നവംബറിലാണ് ജില്ലയിൽ ആദ്യമായി പദ്ധതി ആരംഭിച്ചത്. ചാത്തന്നൂർ ഡിപ്പോയിൽ പത്താമത്തെ ബാച്ചും ചടയമംഗലത്ത് 8-ാമത്തെ ബാച്ചുമാണ് നിലവിൽ പരിശീലനം നേടുന്നത്. ചാത്തന്നൂർ നിന്ന് 120 പേർ ഇതിനോടകം ലൈസൻസ് സ്വന്തമാക്കി. ചടയമംഗലത്ത് 36 ൽ അധികം ആളുകളും ലൈസൻസ് നേടി.

എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിംഗ് സ്‌കൂൾ പ്രവർത്തിക്കുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിംഗ് പാഠപുസ്തകം, ഡ്രൈവിംഗ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് പരിശീലനം. പരിശീലനത്തിന് ചേരുന്നയാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്നതിലുപരി റോഡ് നിയമങ്ങൾ പാലിച്ച് വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവത്കരണവും നൽകുന്നുണ്ട്.

പ്രാക്ടിക്കലിനൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തീയറി ക്ലാസുകളുമുണ്ട്. ഹെവി വാഹന പരിശീലനത്തിനൊഴികെ പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയും ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുണ്ട്.

പഠനം കുറഞ്ഞ നിരക്കിൽ

 സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിലാണ് പഠനം

 കാർ ഡ്രൈവിംഗ് പഠനത്തിന് ഫീസ് 9,000 രൂപ

 ഇതേ നിരക്കാണ് ഹെവി ഡ്രൈവിംഗ് പരിശീലനത്തിനും

 ഇരുചക്രവാഹനങ്ങൾക്ക് 3,500 രൂപ

 ഗിയർ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ്

 കാറും ഇരുചക്രവാഹനവും ചേർത്ത് 11,000 രൂപ പാക്കേജ്

 എസ്.സി, എസ്.ടി വിഭാഗത്തിന് 20 ശതമാനം ഇളവ്

പാഠ്യപദ്ധതി

 ഡ്രൈവിംഗ് സിദ്ധാന്തം

 ട്രാഫിക് നിയമങ്ങൾ

 റോഡ് സുരക്ഷ

 വാഹന പരിപാലനം

മികച്ച പ്രതികരണമാണ് ഡ്രൈവിംഗ് സ്കൂളുകൾക്ക് ലഭിക്കുന്നത്. ചാത്തന്നൂരിലെയും ചടയമംഗലത്തെയും ഡ്രൈവിംഗ് സ്കൂളുകളുടെ വിജയത്തെ തുടർന്നാണ് കരുനാഗപ്പള്ളിയിൽ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്.

കെ.എസ്.ആർ.ടി.സി അധികൃതർ