ദീപാവലി മധുരമാക്കാൻ കുടുംബശ്രീ മേള

Friday 17 October 2025 1:00 AM IST
കൊല്ലം കളക്ടറേറ്റ് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന കുടുംബശ്രീയുടെ ദീപാവലി പ്രദർശന-വിപണന മേള കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ദീപാവലി ആഘോഷങ്ങൾക്ക് തിരി തെളിയുമ്പോൾ ഒപ്പം കുടുംബശ്രീയുടെ മധുരവും നുകരാം. സ്വാദിഷ്ടമായ മധുര പലഹാരങ്ങളുമായാണ് കുടുംബശ്രീയുടെ ദീപാവലി പ്രദർശന വിപണന മേള ഒരുക്കിയിരിക്കുന്നത്.

ജില്ലയിലെ 12 കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് വിവിധ തരം ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ വിപണനമേളയിൽ നിറയും. ഉണ്ണിയപ്പം, കേസരി, മൈസൂർ പാക്, ലഡ്ഡു, ജിലേബി, ബാദുഷ, പാൽപേട, ഗുലാബ് ജാം, വിവിധ തരം ഹൽവ എന്നിവയാണ് ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. ചേന, കാരറ്റ്, മത്തങ്ങ, ചക്ക, മില്ലെറ്റ് രുചികളിൽ പായസങ്ങളുടെ വൈവിദ്ധ്യവുമായി പായസമേളയും മറ്റൊരു ആകർഷണമാണ്. കൂടാതെ ചക്ക, തേൻ, മില്ലെറ്റ് റാഗി പലഹാരങ്ങളും ലഭിക്കും.

സ്വീറ്റ് ബോക്‌സും, വിവിധ പായസം മിക്‌സുകളും മേളയിൽ നിന്ന് വാങ്ങാം. സന്ദർശകർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാഴ്‌സൽ സൗകര്യവും ലഭ്യമാണ്. കുടുംബശ്രീ മാർക്കറ്റിംഗ്, സൂക്ഷ്മ സംരംഭ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് നടത്തിപ്പ്.

വിപണന മേള 18 വരെ

കൊല്ലം കളക്ടറേറ്റ് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന മേള കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി.ഉൻമേഷ്, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. 18നാണ് സമാപനം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് മേളയുടെ സമയം.