ജില്ലാ കായികമേളയുടെ ട്രാക്ക് ഇന്നുണരും; അറിയാം വേഗക്കാരെ
മലപ്പുറം: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് പാലക്കാട് ചാത്തന്നൂർ ഗവ. എച്ച്.എസ്.എസിലെ സിന്തറ്റിക് ട്രാക്കിൽ ഇന്ന് തുടക്കമാവും. കായികമേള 19 വരെ നീളും. പാലക്കാട് ജില്ലാ സ്‌കൂൾ കായിക മേളയും ഇവിടെ വച്ചാണ് നടന്നത്. മലപ്പുറത്തിന്റെ സ്ഥിരംവേദിയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതോടെയാണ് കായികമേള ജില്ലയ്ക്ക് പുറത്തേക്ക് മാറ്റേണ്ടിവന്നത്.
17 ഉപജില്ലകളിൽ നിന്നായി 5000ത്തോളം കായികതാരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ജൂനിയർ മുതൽ സീനിയർ തലം വരെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 26 ഫൈനലുകൾ ആദ്യദിനമായ ഇന്ന് ട്രാക്കിലും ഫീൽഡിലുമായി നടക്കും. ട്രാക്കിലെ വേഗതാരങ്ങളെ കണ്ടത്തുന്നതിനുള്ള സബ് ജൂനിയർ, ജൂനിയർ, സീനിയർ 100 മീറ്റർ ഫൈനലും ഇന്ന് നടക്കും. മേളയിലെ വാശിയേറിയ ഇനങ്ങിലൊന്നായ 600, 800 മീറ്ററിന്റെ ഫൈനലുകളും ഇതോടൊപ്പം നടക്കും. ഷോട്ട് പുട്ട്, ലോങ് ചെമ്പ്, ഹാമർ ത്രോ എന്നീ ഇനങ്ങളുടെ ഫൈനൽ മത്സരവും അരങ്ങേറും. രാവിലെ ഒമ്പതിന് പതാക ഉയർത്തുന്നതോടെ കായികമേളയ്ക്ക് തുടക്കമാകും.
കിരീടം നോട്ടമിട്ട് എടപ്പാൾ കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഓവറോൾ കിരീടം തിരിച്ചുപിടിക്കാനുള്ള പടപ്പുറപ്പാടിൽ എടപ്പാൾ ഉപജില്ലയും കിരീടം നിലനിറുത്താൻ തിരൂർ ഉപജില്ലയും തുനിഞ്ഞിറങ്ങുമ്പോൾ കായികമേളയുടെ ആവേശം ഇരട്ടിക്കും. 15 വർങ്ങൾക്ക് ശേഷം നവാമുകുന്ദ എച്ച്.എസ്.എസ് തിരുന്നാവായയുടെയും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിന്റെയും കരുത്തിൽ 344 പോയന്റോടെയാണ് തിരൂർ ഉപജില്ല ഓവറോൾ കിരീടം തിരിച്ചുപിടിച്ചത്. 41 സ്വർണവും 26 വെള്ളിയും 22 വെങ്കലവുമാണ് തിരൂർ ഉപജില്ല നേടിയത്.
കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിന്റെ കുതിപ്പിൽ 33 സ്വർണവും 35 വെള്ളിയും 21 വെങ്കലവുമായി 304 പോയന്റോടെ എടപ്പാൾ ഉപജില്ലയ്ക്ക് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്നു. ഐഡിയൽ കടകശ്ശേരി സ്‌കൂൾ ചാമ്പ്യൻപട്ടം നിലനിറുത്തി. 29 സ്വർണവും 32 വെള്ളിയും 17 വെങ്കലവുമടക്കം 258 പോയിന്റുമായാണ് ഐഡിയൽ ചാമ്പ്യൻമാരായത്. തുടർച്ചയായി 16-ാമത് തവണയാണ് ഐഡിയൽ ചാമ്പ്യൻ പട്ടം നിലനിറുത്തിയത്. 23 സ്വർണവും 18 വെള്ളിയും 11വെങ്കലവുമടക്കം 180 പോയിന്റോടെ തിരുനാവായ നവാമുകുന്ദ എച്ച്.എസ്.എസ് രണ്ടാംസ്ഥാനം നേടി. ഈ മേളയിലും തിരൂരും എടപ്പാളും തമ്മിലാവും ഓവറോൾ കിരീടത്തിനുള്ള പോരാട്ടം. ഐഡിയലിന്റെ ആധിപത്യം തുടരാനും സാദ്ധ്യത ഏറെയാണ്.