കാണാതായ വൃദ്ധ കിണറ്റിൽ, ഒരു ദിവസത്തിന് ശേഷം രക്ഷപ്പെടൽ

Friday 17 October 2025 1:04 AM IST

പുനലൂർ: കാണാതായ വൃദ്ധയെ ഒരു ദിവസത്തിന് ശേഷം ഉപയോഗശൂന്യമായ കിണറ്റിൽ നിന്ന് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പേപ്പർമിൽ പള്ളിത്താഴേതിൽ വീട്ടിൽ ലീലാമ്മയെയാണ് (78) ബുധനാഴ്ച വൈകിട്ട് 5 ഓടെ വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

പുനലൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രാത്രിയോടെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറയിലുള്ള മകളുടെ വീട്ടിൽ പോയശേഷം തിരികെ ട്രെയിനിൽ പുനലൂരിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മകൾ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാനില്ലെന്ന വിവരം അറിയുന്നത്. പുനലൂർ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്ത് നിന്ന് ഇവരുടെ ആഭരണങ്ങളും മറ്റും അടങ്ങിയ കവറും ഒരു കുറിപ്പും കണ്ടെത്തി.

പൊലീസും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് വീട്ടിൽ നിന്ന് 200 മീറ്ററോളം അകലെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറ്റിൽ ഇവരെ കണ്ടെത്തിയത്. വെള്ളമില്ലാത്ത കിണറാണിത്. ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു ലീലാമ്മ കിണറ്റിൽ വീണത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. ചികിത്സയിലായതിനാൽ ലീലാമ്മയുടെ മൊഴിയെടുക്കാനായിട്ടില്ല. പുനലൂരിലെ വീട്ടിൽ ലീലാമ്മ ഒറ്റയ്ക്കാണ് താമസം. ഒരു ദിവസം മുമ്പാകാം വീണതെന്നാണ് നിലവിലെ നിഗമനം. പുനലൂർ പൊലീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എസ്.ശ്യാംകുമാർ, ഡ്രൈവർ മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ്, മിഥുൻ, അരുൺ.ജി.നാഥ്, എം.ആർ.ശരത്, ആർ.ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.