കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിലും പരാതി; പിന്നില്‍ ഉത്തരേന്ത്യന്‍ കുത്തകകള്‍

Friday 17 October 2025 1:06 AM IST

കേരളത്തിലെ സ്ഥാപനത്തെ തേടുന്നു

കൊച്ചി: കേരളത്തിലോടുന്ന വന്ദേഭാരതില്‍ പുഴുവും പാറ്റയും വീണ ഭക്ഷണം നല്‍കിയതിന് കരാറില്‍ നിന്ന് ഒഴിവാക്കിയ സ്ഥാപനം, വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് കൊച്ചിയില്‍ പൂട്ടിച്ച ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്‌സ് ഗ്രൂപ്പില്‍പ്പെട്ടത്. ഇതുള്‍പ്പെടെ ഡല്‍ഹിയിലെ സ്ഥാപനങ്ങളാണ് റെയില്‍വേ കാറ്ററിംഗ് കുത്തകകള്‍.

താത്കാലിക ചുമതല നല്‍കിയ ഏജന്‍സികളുടെ ഭക്ഷണത്തെക്കുറിച്ചും വ്യാപക പരാതിയാണ്. കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ ഐ.ആര്‍.സി.ടി.സി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിലെല്ലാം ഭക്ഷണവിതരണം ബൃന്ദാവനാണ്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ റെയില്‍വേ തന്നെ ഇവര്‍ക്ക് നേരിട്ട് കരാര്‍ നല്‍കുകയായിരുന്നു. ചെറുകിട കരാറുകാര്‍ക്ക് ഇവര്‍ മറിച്ചുനല്‍കും. നഗരത്തിലെ എളംകുളത്ത് ദുര്‍ഗന്ധം വമിക്കുന്ന കെട്ടിടത്തില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം മേയ് 14ന് കിച്ചന്‍ പൂട്ടിച്ചിട്ടും ഏറെനാള്‍ കരാര്‍ തുടര്‍ന്നു.

റെയില്‍വേ കാറ്ററിംഗ് രംഗത്തെ പ്രമാണി പതിറ്റാണ്ടുകളായി ഡല്‍ഹിയിലെ ആര്‍.കെ അസോസിയേറ്റ്‌സാണ്. ഐ.ആര്‍.സി.ടി.സിയുടെ ടൂറിസ്റ്റ് ട്രെയിനുകളുടെ നടത്തിപ്പ് ഇവര്‍ക്കാണ്. ആര്‍.കെയും ബൃന്ദാവന്‍, രൂപ്സ് ഫുഡ്‌സ്, സത്യം ഫുഡ്‌സ് എന്നിവയും ചേര്‍ന്നാണ് ഭക്ഷണവിതരണം നിയന്ത്രിക്കുന്നത്. റെയില്‍വേ ആരുഭരിച്ചാലും ഇവര്‍ക്ക് തന്നെയാവും കരാര്‍.

ആശ്വാസമായി കുടുംബശ്രീ

കൊച്ചി കോര്‍പ്പറേഷന്റെ കുടുംബശ്രീ സംരംഭമായ സമൃദ്ധി കിച്ചന് എറണാകുളത്ത് നാലു ട്രെയിനുകളിലെ ഭക്ഷണവിതരണ കരാര്‍ കിട്ടി. ജനശതാബ്ദി, പരശുറാം, ഇന്റര്‍സിറ്റി, വേണാട് ട്രെയിനുകളാണിത്. വിലക്കുറവില്‍ രുചികരമായ ഭക്ഷണം കിട്ടും. റെയില്‍വേയുടെ മദദ് ആപ്പുവഴി (ഞമശഹങമറമറ) ഓണ്‍ലൈന്‍ ഓര്‍ഡര്‍ ഉടന്‍ ഏറ്റെടുക്കും.

പരാതിപ്പെടാന്‍

ഐ.ആര്‍.സി.ടി.സിക്കോ റെയില്‍വേക്കോ പരാതി നല്‍കാം. ടി.ടി.ഇയോടും കാറ്ററിംഗ് സ്റ്റാഫിനോടും നേരിട്ടും പറയാം. മദദ് ആപ്പിനെയും ആശ്രയിക്കാം.

വെബ്‌സൈറ്റ് : www.irctc.co.in

ഹെല്‍പ്പ് ലൈന്‍ : 139