കേരള ടൂറിസത്തിന്റെ 'യാനം' മേള ഇന്ന് മുതൽ വർക്കലയിൽ
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വകുപ്പ് 'യാനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ട്രാവൽ ലിറ്റററി മേള ഇന്ന് വർക്കലയിൽ ആരംഭിക്കും. വൈകിട്ട് 3.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. ഇന്ന് മുതൽ 19വരെ വർക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിലാണ് പരിപാടി.
ഉദ്ഘാടനച്ചടങ്ങിൽ വി.ജോയി എം.എൽ.എ അദ്ധ്യക്ഷനാകും. നടിയും ട്രാവൽ വ്ളോഗറുമായ അനുമോളാണ് മുഖ്യാതിഥി. ഫെസ്റ്റിവൽ ക്യൂറേറ്റർ സബിൻ ഇഖ്ബാൽ യാനം ആമുഖവിവരണം നടത്തും. ടൂറിസം സെക്രട്ടറി കെ.ബിജു സ്വാഗതവും ടൂറിസം അഡിഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് നന്ദിയും പറയും. സഞ്ചാരമേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ്
പരിപാടി.
ബുക്കർ സമ്മാനജേതാവ് ഷെഹാൻ കരുണതിലക,ഗ്രാമി അവാർഡ് ജേതാവ് സംഗീതജ്ഞൻ പ്രകാശ് സോൺതെക്ക,പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ,ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ,കവി പ്രൊഫ. നതാലി ഹാൻഡൽ എന്നിവരുൾപ്പെടുന്ന ചർച്ചയുണ്ടാകും. കവി ടെൻസിൻ സുണ്ടു,പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി,ഫോട്ടോഗ്രാഫർ ആശ ഥാദാനി,ആറ് രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവരും വേദിയിലെത്തും. പ്രസിദ്ധ യാത്രാ ഡോക്യുമെന്ററി നിർമ്മാതാക്കളായ പ്രിയ ഗണപതി,അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെൻ ആനന്ദ്, പ്രമുഖ യാത്രാ വ്ളോഗർ കൃതിക ഗോയൽ എന്നിവരും പങ്കെടുക്കും.