മുഖ്യമന്ത്രി ബഹ്റിനിൽ: സ്വീകരണമൊരുക്കി മലയാളി സമൂഹം
മനാമ: എട്ടുവർഷങ്ങൾക്കുശേഷം ബഹ്റിൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണമൊരുക്കാൻ മലയാളി സമൂഹം. ഇന്ന് വൈകിട്ട് 6.30ന് ബഹ്‌റിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇന്നലെ പുലർച്ചെ 12.40ന് ബഹ്‌റിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യൻ, പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി.ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണപിള്ള, ലോക കേരളസഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹ്‌റിൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവർ സ്വീകരിച്ചു.
മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. പരിപാടിയിൽ ബഹ്‌റിനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവർ വിശിഷ്ടാതിഥികളാകും.