പോറ്രിയുടെ കസ്റ്റഡി നിയമവിരുദ്ധമെന്ന് അഭിഭാഷകൻ
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയെ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്ന് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ആരോപിച്ചു. പിന്നാലെ വീട്ടിലേക്ക് പോറ്റിയുടെ ഫോൺവിളിയെത്തി.
പോറ്റിയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കളെയോ തന്നെയോ അറിയിച്ചില്ലെന്നാണ് അഭിഭാഷകൻ പറഞ്ഞത്. കസ്റ്റഡിയിലെടുക്കാൻ നോട്ടീസ് നൽകിയിട്ടില്ല. 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ നിയമവിരുദ്ധ കസ്റ്റഡിയാകും. കോടതിയെ സമീപിക്കും.
ചോദ്യം ചെയ്യണമെങ്കിൽ, നോട്ടീസ് നൽകിയാൽ എത്താമെന്ന് എസ്.ഐ.ടി തലവൻ എച്ച്.വെങ്കിടേഷിന് മെസേജ് അയച്ചിരുന്നു. അറിയിക്കാം എന്ന് വെങ്കിേടഷ് മറുപടിയും നൽകി. എന്നാൽ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടു പോയതിനുശേഷം ഉണ്ണിക്കൃഷ്ണൻ പോറ്റി എവിടെ എന്നറിയില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. അഭിഭാഷകന്റെ ആരോപണത്തിന് പിന്നാലെ വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോറ്റിക്ക് എസ്.ഐ.ടി അനുമതി നൽകുകയായിരുന്നു.