ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി; ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. ഉച്ചയോടെ റാന്നി കോടതിയിൽ ഹാജരാക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കായുള്ള കസ്റ്റഡി അപേക്ഷയും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
എസ് പി ശശിധരന്റേ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തുവരികയാണ്. ദേവസ്വം ബോർഡ് ആസ്ഥാനം, ശബരിമല, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും തെളിവുകളും നിരത്തിയാണ് ചോദ്യം ചെയ്യൽ. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുണ്ട്. ഇയാൾ സ്‌പോൺസറായി എത്തിയത് മുതലാണ് ഗൂഢാലോചന തുടങ്ങിയത്.
ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. സസ്‌പെൻഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഉടൻതന്നെ ചോദ്യം ചെയ്യും. വൈകാതെ അന്വേഷണ സംഘം കാണാതായ സ്വർണം കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കും. 2019 മാർച്ചിലാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയത്.