ഹിജാബ് വിവാദം; സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്ന് പിതാവ്
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിർണായക വഴിത്തിരിവ്. സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നും ഇതുവരെ സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് അനസ് പ്രതികരിച്ചു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്‌കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.
എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ അനസിന്റെ മകൾ വിവാദത്തിന് ശേഷം സ്‌കൂളിലെത്തിയിരുന്നില്ല. പനിയാണെന്നായിരുന്നു വിശദീകരണം നൽകിയത്. ഹിജാബ് ധരിക്കാതെ വരണമെന്ന സ്‌കൂൾ മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
സംഭവത്തിൽസ്‌കൂൾ മാനേജ്‌മെന്റിനെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ മാനേജ്‌മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.