'സർക്കാരിനെ എന്നും ബഹുമാനിച്ചിട്ടേയുള്ളു, നിയമങ്ങൾ പാലിച്ച് തിരിച്ചെത്തിയാൽ കുട്ടിയെ സ്‌നേഹത്തോടെ പഠിപ്പിക്കും'

Friday 17 October 2025 10:20 AM IST

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി സ്‌കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ഹെലീന ആൽബിൻ. സ്‌കൂളിലെ നിയമങ്ങൾ പാലിച്ചെത്തിയാൽ കുട്ടിയെ പഠിപ്പിക്കുമെന്നും സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ബഹുമാനിക്കുന്നുവെന്നും അവർ പറഞ്ഞു. കുട്ടിക്ക് ഇനി സ്‌കൂളിൽ തുടരാൻ താൽപ്പര്യമില്ലെന്ന് പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂൾ പ്രിൻസിപ്പൾ മാദ്ധ്യമങ്ങളെ കണ്ടത്.

'കുട്ടികളുടെ നല്ലഭാവിയെ ലക്ഷ്യംവച്ച് നടത്തുന്ന ഈ സ്ഥാപനത്തിന്റെ അവകാശങ്ങൾക്ക് സംരക്ഷണം നൽകിയ കേരള ഹൈക്കോടതിക്ക് നന്ദി. നിയമസഹായം നൽകിയ വക്കീലിനും നന്ദി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്കും നന്ദി. ഹൈബി ഈഡൻ എംപിയും സ്ഥലം എംഎൽഎ കെ ബാബുവും ഈ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കാൻ എത്തിയിരുന്നു. സമയം കണ്ടെത്തി ഇവിടെ എത്തിയതിന് നന്ദി.

ആദ്യം മുതൽ സ്‌കൂളിനുവേണ്ട എല്ലാ സഹായവും ചെയ്‌ത ഷോൺ ജോർജിനും നന്ദി. സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ച് ഞങ്ങളുടെ വിദ്യാർത്ഥിനി വന്നാൽ ആദ്യദിനം വന്ന അതേ സ്‌നേഹത്തിൽ വിദ്യാഭ്യാസം പൂർത്തിയാകുവോളം ആ കുഞ്ഞിന് വിദ്യ നൽകാൻ ഞങ്ങൾ തയ്യാറാണ്.

പാഠ്യപദ്ധതിക്ക് പുറമേ കുട്ടികൾക്ക് ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങൾ ഞങ്ങൾ പഠിപ്പിക്കുന്നുണ്ട്. മനുഷ്യത്വത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും ഞങ്ങൾ കുട്ടികളെ പറഞ്ഞ് മനസിലാക്കാറുണ്ട്. പല വിഷയങ്ങളും കോടതിയുടെ മുന്നിലിരിക്കുകയാണ്. അതിനാൽ കൂടുതൽ പറയാൻ ഞാൻ മുതിരുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഞങ്ങൾ കോടതിയെയും സർക്കാരിനെയും എന്നും ബഹുമാനിച്ചിട്ടേയുള്ളു. അത് തുടരുകയും ചെയ്യും'- സിസ്റ്റർ ഹെലീന ആൽബിൻ പറഞ്ഞു.