ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ബോയ് കഴിച്ച് തീർത്തു, കസ്റ്റമറുടെ പരാതി കേട്ട സ്വിഗ്ഗിയുടെ മറുപടി ഇങ്ങനെ
ന്യൂഡൽഹി: സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഭക്ഷണ വിതരണ ആപ്പുകൾ ഇന്ന് നമ്മുടെ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. വേഗതയും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം വിരൽത്തുമ്പിൽ ലഭിക്കുന്നതുമൊക്കെ തിരക്കിട്ട ജീവിതത്തിൽ ഏറെ ഉപകാരപ്രദമാണ്. എന്നാൽ ഈ സൗകര്യങ്ങൾക്കിടയിലും ഇത്തരം ആപ്ലിക്കേഷനുകളുടെ സുരക്ഷാ പാളിച്ചകളെ പറ്റിയുള്ള ചർച്ചകൾ സജീവമാവുകയാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഒരു യുവാവിനുണ്ടായത്.
ഇതുമായി ബന്ധപ്പെട്ട് ഒരു ഉപയോക്താവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് നിലവിൽ ചർച്ചയായിരിക്കുന്നത്. സ്വിഗ്ഗി ഡെലിവറി ബോയ് താൻ ഓർഡർ ചെയ്ത ഭക്ഷണം കഴിച്ച ശേഷം ഓർഡർ ഡെലിവേർഡ് എന്ന് രേഖപ്പെടുത്തിയെന്നാണ് യുവാവിന്റെ പരാതി. ഇതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു വിഷയത്തിൽ സ്വിഗ്ഗി നൽകിയ മറുപടി. പ്രശ്നം ഉന്നയിച്ചപ്പോൾ സ്വിഗ്ഗിയിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും യുവാവ് റെഡ്ഡിറ്റിൽ പങ്കുവച്ചു.
'ഒരവസരം ലഭിച്ചാൽ ഞങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. പരിമിതികൾ ഉള്ളതിനാൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒറ്റ കാര്യം ഇതാണ്. താങ്കൾക്ക് റീപ്ലേസ്‌മെന്റ് നൽകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ ഈ വിഷയത്തിൽ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഞങ്ങൾക്ക് കഴിയില്ല. കാരണം അതിനുള്ള വ്യവസ്ഥകളില്ല,'- എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ സംഭവത്തെ തമാശയായി കണ്ടവരും സ്വിഗ്ഗിയിലും സൊമാറ്റോയിലും ഒടിപി സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടവരുമാണ് പ്രതികരിച്ചവരിൽ ഏറെയും.
'കസ്റ്റമർക്ക് ഡെലിവറി കൈമാറുന്നതിന് മുമ്പ് ആമസോണും ഫ്ലിപ്കാർട്ടും ചെയ്യുന്നത് പോലെ ഒടിപി സംവിധാനം കൊണ്ടുവരുന്നതിൽ നിന്ന് സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെ ആരാണ് തടയുന്നത്'. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചോദിച്ചു. 'ബാങ്ക് വഴി ട്രാൻസാക്ഷൻ റിവേഴ്‌സ് ചെയ്ത് ഓർഡറോ സർവീസോ ലഭിച്ചില്ലെന്ന് അവകാശപ്പെടുക' എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം. 'ഓൺലൈൻ കൺസ്യൂമർ വെബ്സൈറ്റിൽ പരാതി നൽകുക, രണ്ടാഴ്ചയ്ക്കുള്ളിൽ അവർ തുക റീഫണ്ട് ചെയ്യുമെന്നായിരുന്നു ഒരാളുടെ നിർദ്ദേശം.