'ഞാൻ എന്റെ സഹോദരനെ വിവാഹം കഴിച്ചു'; പാസ്റ്ററുടെ പോസ്റ്റ് കണ്ടവരെല്ലാം കണ്ണുതള്ളി, വിശ്വസിക്കില്ലെന്ന് കമന്റ്
ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ വൈറലാകാറുണ്ട്. എപ്പോഴും കൗതുകകരമായ ചിത്രങ്ങളും വാർത്തകളുമാണ് ഇത്തരത്തിൽ ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ ഒരു സാധാരണ വിവാഹ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാരണം അതിന്റെ അടിക്കുറിപ്പാണ്. 'ഇന്നലെ ഞാൻ എന്റെ സഹോദരനെ വിവാഹം കഴിച്ചു' എന്നാണ് കുറിപ്പ്.
ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ ലൂഥറൻ ശുശ്രൂഷകനായ പീറ്റർ ഡെബർണി ആണ് ചിത്രം എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. വിവാഹ ചടങ്ങിനിടെ വരനും വധുവും കൈകോർത്ത് നിൽക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. പത്ത് ദശലക്ഷംപേരാണ് ഈ ചിത്രം കണ്ടത്. പാസ്റ്റർ തന്റെ സഹോദരനുമായി സ്വവർഗ വിവാഹം നടത്തി എന്നാണ് ചിത്രം കണ്ട പലരും ആദ്യം കരുതിയത്. എന്നാൽ, സത്യം മറ്റൊന്നായിരുന്നു.
പാസ്റ്റർ ഡെബർണി തന്റെ സഹോദരനെ വിവാഹം കഴിച്ചില്ല. അദ്ദേഹം സഹോദരന്റെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. അടുക്കുറിപ്പ് എഴുതിയപ്പോൾ ഉണ്ടായ തെറ്റാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇത്രയും വൈറലാകാനുള്ള കാരണം. പിന്നീട് തലക്കെട്ട് ശരിയാക്കിയെങ്കിലും കമന്റ് ബോക്‌സിൽ മുഴുവൻ രസകരമായ പ്രതികരണങ്ങളാണ് വരുന്നത്. ഇത് ഒരിക്കലും വിശ്വസിക്കില്ലെന്നാണ് ഒരാൾ കുറിച്ചത്.
'എന്റെ അച്ഛൻ എന്റെ സഹോദരന്മാരെയും സഹോദരിയെയും വിവാഹം കഴിച്ചു. എനിക്ക് എന്റെ കസിനെ വിവാഹം കഴിക്കേണ്ടി വന്നു', എന്നാണ് ഒരു കമന്റ്. ഒരാൾ ശരിയായ അടിക്കുറിപ്പ് നിർദേശിച്ചപ്പോൾ, അത് ശരിയാണ് പക്ഷേ, ഇത്രയും രസകരമല്ല എന്നാണ് പാസ്റ്റർ ഡെബർണി മറുപടി നൽകിയത്. ഇതിലൂടെ പാസ്റ്റർ ഡെബർണി മനഃപൂർവം ഇത്തരത്തിലൊരു അടിക്കുറിപ്പ് നൽകിയതാണോ എന്ന സംശയവും പലരിലും ഉയരുന്നുണ്ട്.