ശബരിമല സ്വർണക്കൊള്ള: പ്രതി പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മുരാരി ബാബുവിന്റെ രാജി എഴുതിവാങ്ങി എൻഎസ്എസ്

Friday 17 October 2025 12:06 PM IST

ചങ്ങനാശേരി (പെരുന്ന)​: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിൽ നിന്ന് രാജി എഴുതിവാങ്ങി എൻഎസ്എസ് നേതൃത്വം. എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് ആയിരുന്നു മുരാരി ബാബു. നിലവിൽ ഡെപ്യൂട്ടി കമ്മിഷണറും മുൻപ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആവശ്യപ്രകാരം രാജി എഴുതിവാങ്ങിയത്. ഞായറാഴ്‌ച കരയോഗം ഇത് അംഗീകരിച്ചു.

ശബരിമലയിലെ കൊള്ളയുടെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി എഴുതിവാങ്ങിയത്. സ്വർണംപൂശിയിരുന്ന ദ്വാരപാലക ശിൽപങ്ങളിൽ ചെമ്പ് തകിടെന്ന് മഹസറിൽ രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു. ഇതിനെത്തുടർന്നാണ് മുരാരി ബാബുവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. നിലവിൽ കേസിൽ മുഖ്യപ്രതിയായ വിവാദ സ്‌പോൺസർ ഉണ്ണിക്കൃഷ്‌‌ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിരുന്നു. ഇദ്ദേഹത്തിന്റെ വാദം റാന്നി കോടതിയിൽ അടച്ചിട്ട മുറിയിൽ നടന്നു. പോറ്റിയെ വിശദമായ ചോദ്യം‌ചെയ്യലിനായി എസ്‌ഐടി ഒ‌ക്‌ടോബർ 30 വരെ കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ അടുത്തതായി ചോദ്യം ചെയ്യാൻ സാദ്ധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ രാജിവയ്‌പ്പിക്കണമെന്ന് കരയോഗ തലത്തിലും താലൂക്ക് യൂണിയൻ തലത്തിലും ആവശ്യമുയർന്നിരുന്നു. ഇതാണ് രാജി എഴുതിവാങ്ങാൻ ഇടയായ സാഹചര്യം.

എൻഎസ്എസ് നേതൃത്വത്തെ നേരിൽ കണ്ട് അദ്ദേഹം രാജി വിവരം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സ്‌മാർട്ട് ക്രിയേഷൻസിൽ ദ്വാരപാലക പീഠം എത്തിക്കുന്നതിന് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇവർക്ക് കത്തയച്ചിരുന്നു. ദേവസ്വം ബോർഡിൽ അറിയിക്കുന്നതിന് മുൻപായിരുന്നു ഈ നടപടിയെന്നാണ് വിവരം.