നൂറാം വയസിലും ഫിറ്റ്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ അപ്പൂപ്പന്റെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ അമ്പരന്നു പോകും

Friday 17 October 2025 12:24 PM IST

ഇരുപതുകളിലും മുപ്പതുകളിലുമുള്ളവർ പോലും നടുവേദനയും കാൽമുട്ട് വേദനയുമായി കഷ്ടപ്പെടുമ്പോൾ 100-ാംവയസിലും ബോഡി ബിൽഡിംഗ് വേദിയിൽ വിസ്മയം തീർക്കുകയാണ് മുൻ സൈനികനായ ആൻഡ്രൂ ബോസ്റ്റിന്റോ എന്ന നൂറ് തികഞ്ഞ ഉശിരുള്ള ഈ അപ്പൂപ്പൻ. അർണോൾഡ് ഷ്വാർസെനെഗറിനേക്കാൾ പ്രായമുള്ള ഈ അപ്പൂപ്പന്റെ ഫിറ്റ്നസ് ലോകമെമ്പാടുമുള്ളവരെ അമ്പരപ്പിക്കുയാണ്.

അടുത്തിടെ നടന്ന നാഷണൽ ജിം അസോസിയേഷൻ ഫിസിക് മത്സരത്തിൽ പങ്കെടുത്താണ് ഇദ്ദേഹം ലോകത്തിലെ ഏറ്റവു പ്രായം കൂടിയ ബോഡി ബിൽഡർ എന്ന നേട്ടം സ്വന്തമാക്കിയത്. നൂറാം ജന്മദിനം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രം പിന്നിട്ട ശേഷമാണ് ബോസ്റ്റിന്റോ ഈ ചാമ്പ്യൻഷിപ്പ് ബെൽറ്റ് സ്വന്തമാക്കി എല്ലാവെരെയും ഞെട്ടിച്ചിരിക്കുന്നത്.

78കാരനായ അർണോൾഡ് ഇപ്പോഴും ശരീര സൗന്ദര്യത്തിന്റെ ആൾരൂപമായി കണക്കാക്കുമ്പോൾ പ്രായം വെറുമൊരു സംഖ്യമാത്രമാണെന്ന് തെളിയിക്കുകയാണ് ബോസ്റ്റിന്റോ. ജീവിതകാലം മുഴുവനും ആരോഗ്യത്തോടെ ശരീരം ഫിറ്റായി ഇരിക്കാനുള്ള ബോസ്റ്റിന്റോയുടെ ഉപദേശം നമുക്ക് ലളിതമാണെന്ന് നമുക്ക് തോന്നാം എന്നാൽ അത് പ്രാവ‌ർത്തികമാക്കുമ്പോൾ മികച്ച ഫലം ലഭിക്കും.

'നമ്മൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് സ്വയം മനസിലാക്കണം. അതിനു വേണ്ടി നമ്മളെ തന്നെ നാം സ്വയം അർപ്പിക്കുക.' അദ്ദേഹം പറയുന്നു. സമയം പാഴാക്കുകയാണെന്ന് പറയുന്ന ആളുകളെ ശ്രദ്ധിക്കാനെ പോകരുത്. നെഗറ്റീവായ കാര്യങ്ങൾക്ക് ചെവികൊടുക്കരുത്. ലക്ഷ്യബോധമില്ലെങ്കിൽ ദിശ നഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ ലക്ഷ്യ ബോധത്തോടെ കഠിനാദ്ധ്വാനം ചെയ്താൽ അത് തീർച്ചയായും നേടാനാകുമെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

തന്റെ 12-ാം വയസ് മുതൽ വ്യായാമം ചെയ്ത് തുടങ്ങിയ ബോസ്റ്റിന്റോ ജിംനാസ്റ്റും ഹാൻഡ് ബാലൻസറുമായി മാറിയിരുന്നു. 17-ാം വയസിലാണ് മോഡലിംഗ് തുടങ്ങുന്നത്. മറ്റുള്ളവർക്കു വേണ്ടിയല്ല താൻ പരിശീലിച്ചതെന്നാണ് തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകളെ ആകർഷിക്കാൻ വേണ്ടിയല്ല താൻ പരിശീലനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണക്രമത്തിന്റെ കാര്യത്തിൽ കൃത്യമായ അച്ചടക്കം അദ്ദേഹം പാലിച്ചിരുന്നു. ചെറുപ്പത്തിൽ ധാരാളം കാർബോഹൈഡ്രേറ്റ് കുറഞ്ഞ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങളായ പഴം, സലാഡുകൾ ദിവസും 15 ഗ്ലാസ് വെള്ളം എന്നിവയായിരുന്നു അദ്ദേഹം കഴിച്ചിരുന്നത്. നൂറ് വയസായപ്പോൾ ഭക്ഷണത്തിന്റെ അളവ് കുറച്ചെങ്കിലും പ്രോട്ടീൻ ഇപ്പോഴും പ്രധാനമാണ്. മുട്ട, തൈര്, മീറ്റ് ബോൾസ് ചേർത്ത സ്പാഗെട്ടി എന്നിവ അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ ഉൾപ്പെടുന്നു. പുകവലിയും മദ്യപാനവും ഇതുവരെ ഉണ്ടായിട്ടില്ല. ആഴ്ചയിൽ അഞ്ച് ദിവസം പഴയ ബോഡി ബിൽഡിംഗ് വർക്കൗട്ടുകൾ അദ്ദേഹം പിന്തുടരുന്നുണ്ട്.

മുൻകാല സൈനികൻ കൂടിയായ അദ്ദേഹം സേവനത്തിനിടയിൽ സംഭവിച്ച പക്ഷാഘാതവും കാലിലെ പ്രശ്നങ്ങളും കാരണം ചിലപ്പോഴൊക്കെ വ്യായാമങ്ങളിൽ മാറ്റങ്ങൾ വരുത്താറുണ്ട്. പുഷ് അപ്പുകൾ, ഡിപ്സ് , ചിൻ അപ്പുകൾ, വയറിലെ വ്യായാമങ്ങൾ തുടങ്ങിയ അടിസ്ഥാന വ്യായമങ്ങളാണ് അദ്ദേഹം ചെയ്യുന്നത്.

1977ൽ 52ാം വയസിലാണ് ആദ്യമായി അദ്ദേഹം സീനിയർ മിസ്റ്റർ അമേരിക്ക കിരീടം നേടുന്നത്. എന്നാൽ തന്റെ എല്ലാ നേട്ടങ്ങളെയും താരതമ്യം ചെയ്തു നോക്കുമ്പോൾ രണ്ടാം ലോകമഹായുദ്ധ കാലത്തെ 29 വർഷത്തെ സൈനിക സേവനമാണ് ഏറ്റവും അഭിമാനകരമെന്നാണ് ആൻഡ്രൂ ബോസ്റ്റിന്റോ പറയുന്നത്.

ബോഡിബിൽഡർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹം നൽകുന്ന ഉപേദശവും ഏറെ ശ്രദ്ധേയമാണ്. 'നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് മനസിൽ കാണുക. അതോടൊപ്പം നിങ്ങളുടെ പേശികൾക്ക് നൽകുന്നത്ര പ്രാധാന്യം മനസിനും നൽകുക.'- ബോസ്റ്റിന്റോ പറയുന്നു. ലക്ഷ്യബോധവും അച്ചടക്കവുമാണ് ദീർഘായുസോടെ ഫിറ്റായി ഇരിക്കുന്നതിന്റെ പ്രധാന താക്കോലുകളെന്നാണ് ആൻഡ്രൂ ബോസ്റ്റിന്റോൻ തന്റെ സ്വന്തം ജീവിതത്തത്തിലൂടെ തെളിയിക്കുന്നത്.