യുഎഇയിൽ മഴ പെയ്യിക്കാൻ പ്രത്യേക പ്രാർത്ഥന;  ഭരണാധികാരികൾക്കൊപ്പം പങ്കുചേരാൻ ജനങ്ങളും

Friday 17 October 2025 1:31 PM IST

അബുദാബി: യുഎഇയിലെ എല്ലാ എമിറേറ്റുകളിലെയും പള്ളികളിൽ ഇന്ന് മഴയ്ക്കായുള്ള പ്രത്യേക പ്രാർത്ഥന (സലാത്ത് അൽ ഇസ്തിസ്ഖാ ) നടക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ആഹ്വാനത്തെതുടർന്നാണ് പ്രാ‌ർത്ഥന നടത്തുന്നത്. രാജ്യത്തെ ഐക്യം വിളിച്ചോതുന്ന ഈ പ്രാർത്ഥനയിൽ ഭരണാധികാരികളും മുതിർന്ന ഉദ്യോഗസ്ഥരും ജനങ്ങൾക്കൊപ്പം പങ്കെടുക്കും.

നേതാക്കളും സാധാരണ പൗരന്മാരും ഒരുമിച്ച് അണിനിരന്ന് ദൈവത്തെ വിളിച്ച് അനുഗ്രഹവും മഴയും തേടും. സലാത്ത് അൽ ഇസ്തിസ്ഖാ സാധാരണ ജുമുഅ നമസ്കാരത്തിന് ഏകദേശം 30 മിനിട്ട് മുമ്പാണ് നടക്കുക. അബുദാബി- അൽ ഐൻ: ഉച്ചയ്ക്ക് 12:45 ന്. ദുബായ്: എല്ലാ പ്രധാന പള്ളികളിലും മുസല്ലകളിലും 12:45 ന്. ഷാർജ, അജ്മാൻ, ഫുജൈറ, റാസ് അൽ ഖൈമ, ഉമ്മുൽ ഖുവൈൻ: അറിയിപ്പുകൾ അനുസരിച്ച് 12:40 നും 12:50 നും ഇടയിൽ പ്രാർത്ഥന നടക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും പ്രാർത്ഥന ഒരേ സമയം നടക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപത്തുള്ള ഏതൊരു പള്ളിയിലോ തുറന്ന സ്ഥലങ്ങളിലെ മുസല്ലയിലോ താമസക്കാർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാം.

പ്രവാചക പാരമ്പര്യത്തിൽ വേരൂന്നിയ ഈ പ്രാർത്ഥനയ്ക്ക് പള്ളിയിൽ എത്തിച്ചേരാൻ കഴിയാത്തവർക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ഇത് നിർവഹിക്കാം. വലിയ പള്ളികൾക്ക് സമീപം തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേക സുരക്ഷയും ഗതാഗതം നിയന്ത്രണം അധികൃതർ ഏർപ്പെടുത്തും.