'ആ താരവുമായി പ്രണയത്തിലായത് കുറേവർഷങ്ങൾക്കുമുൻപാണ്', ഭാവി വരൻ മലയാളിയായാലും കുഴപ്പമില്ലെന്ന് ജിസേൽ

Friday 17 October 2025 3:23 PM IST

മലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ്. മോഡലും വ്യവസായിയുമായ ജിസേൽ ഇത്തവണത്തെ സീസണിലെ ശ്രദ്ധേയായ മത്സരാർത്ഥിയായിരുന്നു. അടുത്തിടെയാണ് ജിസേൽ ബിഗ്ബോസിൽ നിന്നും പുറത്തായത്. ബിഗ്ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ആര്യനുമായുളള സൗഹൃദത്തിൽ പലതരം ഗോസിപ്പുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോഴിതാ ആര്യനുമായുളള സൗഹൃദത്തെക്കുറിച്ചും ബിഗ്ബോസിലെ മറ്റു മത്സരാർത്ഥികളെക്കുറിച്ചും ജിസേൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.

'അനുമോൾക്ക് ചില തെ​റ്റായ ധാരണകളുണ്ട്. അവ തെ​റ്റാണെന്ന് മനസിലാക്കിയാലും മാ​റ്റാൻ തയ്യാറല്ല. പഴയ ചിന്താഗതിയാണ്. അനുമോളും ഷാനവാസും സീരിയൽ അഭിനേതാക്കളാണ്. പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് അവർക്കറിയാം. അതിനനുസരിച്ചാണ് അവർ ബിഗ്‌ബോസിൽ നിൽക്കുന്നത്. പക്ഷെ ബിഗ്‌ബോസിൽ യഥാർത്ഥ മനുഷ്യരായി ഇരിക്കണമെന്ന് അവർക്കറിയില്ല. അഭിനയിച്ചുകൊണ്ടാണ് അവർ നിൽക്കുന്നത്.

സ്വന്തം വീട്ടിൽ ജീവിക്കുന്നപോലെയാണ് ആര്യൻ ബിഗ്‌ബോസിലുളളത്. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഗെയിമിൽ നിന്ന് പുറത്തുവരില്ലായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്. ഗെയിം കഴിഞ്ഞാലും ഞങ്ങൾ അത് തുടരും. ബിഗ്‌ബോസിൽ ഞാൻ നന്നായാണ് പെരുമാറിയത്. എനിക്ക് പിആർ ഒന്നുമില്ലായിരുന്നു. ബിഗ്‌ബോസിലേക്ക് വരാൻ ഇങ്ങോട്ടാണ് അവസരം ലഭിച്ചത്. ആ സമയത്ത് എനിക്ക് ബിസിനസിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അമ്മയുടെ നിർബന്ധപ്രകാരമാണ് ബിഗ്‌ബോസിലേക്കെത്തുന്നത്. അമ്മ ബിഗ്‌ബോസിൽ വന്നപ്പോൾ എന്നെ ഒരുപാട് വഴക്കുപറഞ്ഞിരുന്നു. ഒരു ടിപ്പിക്കൽ മലയാളി അമ്മയെപോലെയാണ് എന്റെ അമ്മ പെരുമാറിയത്.

എന്റെ ചെറിയ പ്രായത്തിലാണ് അച്ഛൻ മരിച്ചത്. എനിക്കുവേണ്ടിയാണ് പിന്നീട് അമ്മ ജീവിച്ചത്. എന്റെ വളർച്ചയ്ക്കുവേണ്ടി ജോലിയിൽ നിന്ന് ഒരുപാട് കാലത്തേക്ക് അവധിയെടുത്തിരുന്നു. ഇപ്പോൾ സംതൃപ്തിയുളള ജീവിതമാണ് എന്റേത്. സ്വപ്നം കണ്ടതെല്ലാം നേടി. വിവാഹത്തെക്കുറിച്ച് ഭാവിയിൽ ചിന്തിക്കുമായിരിക്കും. മലയാളി പയ്യൻമാരോട് ഞാൻ അധികം സംസാരിച്ചിട്ടില്ല. ബിഗ്‌ബോസിൽ പോയപ്പോൾ നിറയെ സംസാരിക്കാൻ അവസരം കിട്ടി. ഭാവി വരൻ ഒരു മലയാളിയാകുന്നതിൽ കുഴപ്പമില്ല. ക്രിക്ക​റ്റ് താരവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. അതൊക്കെ കുറേ വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. ഇപ്പോൾ നല്ല ഞങ്ങൾ സുഹൃത്തുക്കളാണ്'- ജിസേൽ പറഞ്ഞു.