'ഫിറ്റായിരുന്നെങ്കിൽ അദ്ദേഹം ഉറപ്പായും ടീമിൽ ഉണ്ടാകുമായിരുന്നു, എന്നോട് നേരിട്ട് സംസാരിക്കേണ്ട കാര്യമായിരുന്നു അത്'

Friday 17 October 2025 4:53 PM IST

ന്യൂഡൽഹി: അടുത്തിടെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി സെലക്ഷൻ കമ്മിറ്റിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ.താൻ ഫിറ്റാണെന്ന് തെളിയിക്കാൻ രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിച്ചത് മതിയെന്നും തന്റെ ഫിറ്റ്‌നെസ് വിവരങ്ങൾ സെലക്ഷൻ പാനലിനെ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഷമി നേരത്തെ പറഞ്ഞിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ ടീമിന്റെ ഏകദിന, ട്വന്റി-20 പര്യടനത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെയാണ് ഷമി പ്രതികരിച്ചത്. എന്നാൽ ഷമി ഫിറ്റായിരുന്നെങ്കിൽ ടീമിൽ എത്തുമായിരുന്നെന്നാണ് അഗാർക്കർ ഇപ്പോൾ വ്യക്തമാക്കിയത്. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025-ൽ സംസാരിക്കവെയാണ് അദ്ദേഹം ഷമിയുടെ വിമ‌‌ർ‌ശനത്തിന് മറുപടി ൻൽകിയത്. 2023 ജൂണിൽ ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പിലാണ് ഷമി അവസാനമായി ഇന്ത്യൻ ടെസ്റ്റ് ടീമിനു വേണ്ടി കളിച്ചത്.

ഷമിയുടെ അഭിപ്രായങ്ങളോട് പ്രതികരിച്ചുകൊണ്ട് സംസാരിച്ച അഗാർക്കർ താരം ഫിറ്റായിരുന്നെങ്കിൽ ടീമിൽ ഉൾപ്പെടുമായിരുന്നുവെന്നാണ് ആവർത്തിച്ചത്. 'അദ്ദേഹം എന്നോട് നേരിട്ട് പറഞ്ഞിരുന്നെങ്കിൽ അതിന് മറുപടി നൽകിയേനെ. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എല്ലാ കളിക്കാർക്കുമായി എന്റെ ഫോൺ എപ്പോഴും ഓണാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹവുമായി ഞാൻ പലതവണ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയൊരു വിവാദ തലക്കെട്ട് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല," അഗാർക്കർ പറഞ്ഞു.

'ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനാണ്. അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് എന്നെ അറിയിക്കുകയോ ഞാൻ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്യേണ്ട കാര്യമാണ്. ഇംഗ്ലണ്ടിന് മുന്നോടിയായി പോലും ഞങ്ങൾ പറഞ്ഞിരുന്നു ഫിറ്റായിരുന്നെങ്കിൽ ടീമിൽ ഉണ്ടാകുമായിരുന്നു എന്ന്. നിർഭാഗ്യവശാൽ അദ്ദേഹം അപ്പോഴും ഫിറ്റായിരുന്നില്ല.'- അഗാർക്കർ കൂട്ടിച്ചേർത്തു.

2023 ലോകകപ്പിന് ശേഷം കണങ്കാലിലും കാൽമുട്ടിലും പരിക്കേറ്റതിനു ശേഷം നടത്തിയ ശസ്ത്രക്രിയയെ തുടർ‌ന്ന് ഷമി ഏറെക്കാലം ബുദ്ധിമുട്ടിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയുടെ വിജയത്തിലാണ് ഷമി അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടൂർണമെന്റിൽ വരുൺ ചക്രവർത്തിക്കൊപ്പം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരവും ഷമിയായിരുന്നു. ഓസ്‌ട്രേലിയയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ഒക്ടോബർ 19-നാണ് പരമ്പര ആരംഭിക്കുന്നത്.