'മുടി കൊഴിഞ്ഞു, ക്യാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടര്‍ന്നു'; നിര്‍ണായകമായത് ആ പരിശോധന
സിഡ്‌നി: മാരക രോഗമായ ക്യാന്‍സര്‍ ബാധിച്ചതിനേക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുമായി ക്രിക്കറ്റ് താരം. ഓസ്‌ട്രേലിയന്‍ താരം നിക് മാഡിസണാണ് തനിക്ക് ക്യാന്‍സര്‍ പിടിപെട്ടതിനേക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ ബംഗളൂരുവിനായും നിക് മാഡിസണ്‍ കളിച്ചിട്ടുണ്ട്. 2025 ആദ്യമാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് മാഡിസണ്‍ പറയുന്നു.
വൃഷ്ണത്തില്‍ ക്യാന്‍സറാണെന്ന് പരിശോധനയില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് കീമോതെറാപ്പി ഉള്‍പ്പെടെ നടത്തുകയും ചെയ്തു. രോഗത്തെ അതിജീവിച്ച താന്‍ ഇപ്പോള്‍ ക്രിക്കറ്റ് മൈതാനത്തേക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണെന്നും മാഡിസണ്‍ പറയുന്നു. ഓസ്ട്രേലിയക്കായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.ന്യൂ സൗത്ത് വെയില്‍സ് ടീമില്‍ അംഗമായിരുന്ന മാഡിസണ്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്ക് വിധേയനായപ്പോഴാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്.
രോഗബാധിതനായ തനിക്ക് കീമോതെറാപ്പി ചെയ്യണമെന്ന കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് മാഡിസണ്‍ പറഞ്ഞു. കാന്‍സര്‍ അടിവയറ്റിലെ ലിംഫ് നോഡുകളിലേക്കും ശ്വാസകോശത്തിന്റെ ഭാഗങ്ങളിലേക്കും പടര്‍ന്നുകഴിഞ്ഞിരുന്നു. ഭയാനകമായ അവസ്ഥയായിരുന്നു അതെന്നും താരം വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും മന്ദഗതിയിലുള്ളതും ദൈര്‍ഘ്യമേറിയതുമായ ഒമ്പത് ആഴ്ചകളായിരുന്നു ചികിത്സാ കാലഘട്ടമെന്ന് മാഡസണ്‍ പറഞ്ഞു. ഈ സമയത്ത് താന്‍ വളരെയധികം ക്ഷീണിതനായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ തനിക്ക് അസുഖം ഭേദമായി, ഇനി ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങി വരണം. അതിനുള്ള പരിശീലനം ഉള്‍പ്പെടെ ആരംഭിക്കാന്‍ ഒരുങ്ങുകയാണെന്നും മാഡിസണ്‍ പറയുന്നു.