സൂപ്പർ റൈഡ്
നെല്ലിക്കാംപൊയിൽ ഗ്രാമത്തിലെ പെൺകുട്ടി ആയി ഇത്തവണ മീനാക്ഷി ഉണ്ണിക്കൃഷ്ണൻ തിയേറ്ററിൽ എത്തുന്നു. 'വാങ്കി"ലെ ദീപ്തിയെ പോലെ ഒരാളല്ല ഇക്കുറി. വാഴ, ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് എന്നീ ചിത്രങ്ങളിലെ മീനാക്ഷിയുടെ കഥാപാ ത്രങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയവരാണ്. എന്നാൽ ഇവരിൽ നിന്ന് മാറി നിൽക്കും നെല്ലിക്കാംപൊയിൽ ഗ്രാമത്തിലെ പെൺകുട്ടി. മാത്യു തോമസ് നായകനായി പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് "ഒക്ടോബർ 24ന് പ്രേക്ഷകരെ ചിരിപ്പിക്കാനും പേടിപ്പെടുത്താനും എത്തും. സിനിമയിലെ യാത്രയെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും മീനാക്ഷി ഉണ്ണിക്കൃഷ്ണൻ മനസ് തുറക്കുന്നു.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സിലേക്ക് എങ്ങനെ ആണ് വിളി എത്തുന്നത് ? നൗഫലിക്കയാണ് (നൗഫൽ അബ്ദുള്ള) വിളിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചാണ് കഥയെക്കുറിച്ച് പറയുന്നത്. പിന്നീട് ഞാൻ പോയി നരേഷൻ കേട്ടു. അപ്പോൾ തന്നെ ഇഷ്ടമായി.കാരണം, നമ്മൾ കേൾക്കാൻ കൊതിക്കുന്ന കഥകളിലൊന്നാണ് 'നൈറ്റ് റൈഡേഴ്സ് ". ഒരു ഗ്രാമപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ പണ്ട് കേൾക്കുന്ന മുത്തശ്ശിക്കഥകളുടെ സുഖമുണ്ട്നൈറ്റ് റൈഡേഴ്സിന് . പഴയ കാലത്തെ കഥകൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും തീർച്ചയായും ഈ സിനിമ ആസ്വദിക്കാൻ കഴിയും.
മീനാക്ഷിയുടെ കഥാപാത്രത്തിന്റെ ലോകം എന്ത് ? ധന്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് . ഒരു സാധാരണ നാട്ടിൻപുറത്തുകാരി . പി.എസ്.സി കോച്ചിംഗിന് പോകുന്ന, ഒരൽപം ഡിറ്റക്ടീവ് സ്വഭാവക്കാരിയാണ് ധന്യ. അവരുടെ ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ നടത്തുന്ന യാത്രയാണ് സിനിമ. എന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ല .തനി നാട്ടിൻപുറത്തെ പെൺകുട്ടിയുടെ വേഷം ചെയ്യുന്നത് ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ഭയങ്കര ആകാംക്ഷയിൽ ആയിരുന്നു. അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാം നന്നായി വന്നു എന്നു വിശ്വസിക്കുന്നു.
നൗഫൽ അബ്ദുള്ളയുടെ ആദ്യ സിനിമയുടെ ഭാഗമാകുമ്പോൾ ഉണ്ടായ അനുഭവം ? പന്ത്രണ്ട് വർഷമായി സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ആളാണ് നൗഫലിക്ക. സുഡാനി ഫ്രം നൈജീരിയ , കപ്പേള , ഗ്രേറ്റ് ഫാദർ തുടങ്ങി നിരവധി മികച്ച സിനിമകളുടെ എഡിറ്റിംഗ് നിർവഹിച്ചു . അത്രയും അനുഭവസമ്പന്നനായ ഒരു ടെക്നീഷ്യന്റെ ആദ്യ സംവിധാന സംരംഭത്തിൽ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. നൗഫലിക്കയുടെ ഏറ്റവും വലിയ പ്രത്യേകത തന്റെ സിനിമയെക്കുറിച്ച് കൃത്യമായ വ്യക്തത ഉണ്ട് എന്നതാണ് . ഒരു എഡിറ്റർ സംവിധായകനാകുമ്പോൾ ഉണ്ടാകുന്ന ഒരു ഗുണമാണത്. എന്താണ് ഷൂട്ട് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ട്. ഒരു അനാവശ്യ ഷോട്ട് പോലും എടുത്തില്ല. അത്രമാത്രം അർപ്പണ മനോഭാവം കാണിച്ചു. നവാഗത സംവിധായകന്റെ യാതൊരുവിധ ആശയകുഴപ്പമോ ഒന്നും ഉണ്ടായില്ല. മറിച്ച് പരിചയസമ്പന്നനായ ആളിന്റെ കൂടെ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം ഞങ്ങൾ അഭിനേതാക്കൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു.
സിനിമ കരിയറായി കണ്ടു തുടങ്ങിയോ? 'വാങ്ക് "എന്ന ആദ്യ സിനിമ മുതൽ കരിയറായി ഉറപ്പിച്ചു. ഇതിൽനിന്ന് കിട്ടുന്ന സന്തോഷം വേറെങ്ങും ലഭിച്ചില്ല. അഞ്ചുവർഷം കുസാറ്റിൽ നിയമ പഠനം നടത്തി . ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തു. എന്നാൽ പാഷൻ സിനിമ തന്നെയായാണ്. പ്രൊഫഷനായി പാഷൻ തന്നെ ഫോളോ ചെയ്യുന്നു. സിനിമയിലെ എന്റെ യാത്ര തീർച്ചയായും മനോഹരം ആണ്. ഒരുപാട് സന്തോഷം തരുന്നു. നല്ല സിനിമ , നല്ല ടീം. നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്.
അഭിനേത്രി എന്ന നിലയിൽ ആഗ്രഹം ? ഒരു സിനിമയിൽ നിന്ന് അടുത്തതിൽ എത്തുമ്പോൾ കഥാപാത്രം എന്ന നിലയിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വാഴ കഴിഞ്ഞ് ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്. ഇൗ സിനിമകളിലെ കഥാപാത്രത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് നൈറ്റ് റൈഡേഴ്സ്. എല്ലാ കഥാപാത്രവും വേറിട്ടതാണ്. വാഴയിലെ ടോം ബോയ് ലുക്കിലുള്ള ബോൾഡ് കഥാപാത്രത്തെ പോലെയല്ല ഡൊമിനിക്കിലെ പൂജ രവീന്ദ്രൻ. നാട്ടിൻപുറത്തുകാരി ആണ് ധന്യ. ഇതേപോലെ കഥാപാത്രത്തിൽ പുതിയ മുഖം കൊണ്ടുവരാനാണ് ആഗ്രഹം. മറ്റുഭാഷയിലും നല്ല സിനിമയുടെ ഭാഗമാകണം. ആഗോളതലത്തിൽ മലയാള സിനിമ ശ്രദ്ധ നേടുമ്പോൾ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ തന്നെ ഭയങ്കര സന്തോഷം. സിനിമയിൽ തുടരാൻ കഴിയണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ജോലി ചെയ്യുന്നു. നല്ല ടീമിനൊപ്പം ഇനിയും പ്രവർത്തിക്കണമെന്നും ആഗ്രഹിക്കുന്നു.