നിർമലേ...
'അവിഹിത"ത്തിലെ നിർമലേച്ചി.അയ്യയ്യോ ... പ്രേക്ഷകർ മുഴുവൻ ശ്രദ്ധിച്ചു നിർമലേച്ചി എന്ന കഥാപാത്രത്തെ. ഏറെ സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും നിർമലേച്ചി തന്ന സന്തോഷത്തിൽ നിറഞ്ഞു ചിരിക്കുകയാണ് വൃന്ദ മേനോൻ. ഇനി, സിനിമയിൽ സജീവമാകാം എന്ന തീരുമാനം പോലും നൽകി ആ കഥാപാത്രം. ഒരു ഇരുത്തം വന്ന അഭിനയം കാഴ്ചവച്ച നിർമലേച്ചി ജീവിതത്തിൽ ദന്ത ഡോക്ടർ ആണ്. സ്വന്തം നാടായ കാസർകോടിന്റെ പശ്ചാത്തലത്തിൽ എത്തിയ അവിഹിതം 'ചിരിഹിതം" തീർത്ത് മുന്നോട്ട് കുതിക്കുമ്പോൾ സിനിമയിൽ വേഷമിട്ട പുതിയ താരങ്ങളെ പോലെ പുത്തൻ പ്രതീക്ഷയിൽ വൃന്ദ മേനോൻ സംസാരിച്ചു.
അപൂർവ ഭാഗ്യം കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നത് അപൂർവ ഭാഗ്യമാണ്. ദേശീയ അവാർഡ് ജേതാവായ സെന്ന ഹെഗ്ഡെയുടെ സിനിമയിലൂടെ അത് സംഭവിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. 'ഉപചാരപൂർവം ഗുണ്ട ജയനി"ൽ സൈജു കുറുപ്പിന്റെ നായിക വേഷം അവതരിപ്പിച്ചാണ് സിനിമയിൽ എത്തുന്നത്. ഒരു പുതുമുഖം എന്ന നിലയിൽ വളരെ ആത്മവിശ്വാസം നൽകിയ കഥാപാത്രമായിരുന്നു സൂര്യ. ടിക് ടോക് വീഡിയോയിലൂടെയാണ് ഉപചാരപൂർവം ഗുണ്ട ജയനിൽ എത്തുന്നത്. 'വരയൻ "ആണ് രണ്ടാമത്തെ സിനിമ. വൈകല്യം ബാധിച്ച പെൺകുട്ടിയുടെ അമ്മവേഷം ആയിരുന്നു അത് . അഭിനയ പ്രാധാന്യം നിറഞ്ഞ ആ കഥാപാത്രവും ഏറെ പ്രിയപ്പെട്ടതാണ്.കെ.എസ്.എഫ്.ഡി.സിയുടെ 'മുംത" എന്ന സിനിമയിലും പ്രധാനവേഷം ചെയ്തു. കാസർകോടുകാരിയായ ഫർസാന ആണ് സംവിധാനം.സുധി ബാലൻ സംവിധാനം ചെയ്ത 'ഭാനു" എന്ന ഹ്രസ്വചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു. അതാണ് ആദ്യ അഭിനയം . അവിചാരിതമായി ലഭിച്ച അവസരം .അതിലൂടെയാണ് അഭിനയ മോഹം തിരിച്ചറിയുന്നത്. നാലാമത്തെ സിനിമയാണ് അവിഹിതം. വൈശാഖ് മനോഹരൻ സംവിധാനം ചെയ്ത 'ഒച്ച" ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ആളുകൾ അറിഞ്ഞു തുടങ്ങി.
മെയ്ഡ് ഇൻ കാഞ്ഞങ്ങാട് ഇൗ ടാഗ് ലൈനിൽ വരുന്ന സിനിമയിൽ കാഞ്ഞങ്ങാടുകാർക്കായിരുന്നു മുൻഗണന. വടക്കേ മലബാറിൽ ചിത്രീകരിച്ച മറ്റൊരു സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തിരുന്നു. ആ പരിചയത്തിലാണ് അവിഹിതത്തിലേക്ക് വിളി വന്നത്. കഥാപാത്രത്തെപ്പറ്റി കൃത്യമായി പറഞ്ഞുതന്നു. അതിനാൽ ക്യാമറയുടെ മുൻപിൽ എല്ലാം എളുപ്പമായി. 1995ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭ ആയിരുന്നു ഏട്ടൻ. ആ സമയത്ത് സിനിമയിൽനിന്ന് വിളി വന്നിരുന്നെങ്കിലും അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചില്ല. എങ്ങനെയും സിനിമയിൽ വരണമെന്ന് ആഗ്രഹിച്ചില്ല. കലാപരമായ ചുറ്റുപാടിൽ വളർന്നതിനാൽ അതിനുവേണ്ട പരിശീലനം ലഭിച്ചു. പാട്ടും നൃത്തവും പഠിച്ചെങ്കിലും വളർന്നപ്പോൾ അതു തുടർന്ന് കൊണ്ടു പോയില്ല. ഇനി, സിനിമയിൽ കൂടുതൽ സജീവമാകാനാണ് ആഗ്രഹം. അതിനാൽ പ്രാക്ടീസ് തത്കാലം നിറുത്തി. കൂടുതൽ അവസരങ്ങളിലേക്ക് എത്തുന്നതിന് അത് നല്ല ഒരു തീരുമാനമാകുമെന്ന് കരുതുന്നു. നീലേശ്വരം ആണ് നാട്. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാളം വിഭാഗം മുൻ അദ്ധ്യാപകൻ ഡോ.യു. ശശി മേനോന്റെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന സി. ഉഷയുടെയും മകളാണ്. ഭർത്താവ് വിവേക് സുധാകരൻ. ഹോമിയോപ്പതി ഫിസിഷ്യനാണ്. അഭിനയരംഗത്ത് എപ്പോഴും ഭർതൃമാതാപിതാക്കളും പ്രോത്സാഹനം നൽകുന്നു. മകൻ പ്രണവ് പ്ളസ് ടു വിദ്യാർത്ഥി.