തെളിനീർ

Sunday 19 October 2025 9:20 AM IST

തീർത്ഥമായ് നൽകിയ ജലധാര

തരംഗങ്ങൾ പ്രകൃതിയൊരുക്കിയ

പൂവാടിയിൽ ആർത്തുല്ലസിച്ചീടുന്നു

പുഴയായ്, നദിയായ്, സമുദ്ര സഖികളായ്

ഹർഷാരമോടവരൊത്തു ചേർന്നു

കല്ലോലങ്ങളെ തഴുകി കുണുങ്ങി

ചിരിച്ചൊഴുകിയണഞ്ഞിടുന്നു.

ഹിന്ദോളരാഗങ്ങളേറ്റു പാടും പോൽ

തരംഗതാള മേള ധ്വനികളോടെന്നും

ജീവജാലങ്ങൾക്ക് ദാനമായി

പ്രകൃതി കനിഞ്ഞു നൽകിയ

വരപ്രസാദമാണീ തെളിനീർ

ഇന്നോ, പ്രകൃതി കണ്ണുപൊത്തീടുന്നു

മാലിന്യക്കൂമ്പാരം കൊണ്ടുനിറഞ്ഞൊരു

പുഴയും നദിയും സമുദ്രതീരങ്ങളും

ആർത്തട്ടഹസിച്ചാടുന്ന പ്രളയമായ്

ശപിച്ചു മുന്നോട്ടു നീങ്ങുന്നുവോ?

പുണ്യമായൊഴുകുമീ ഓളങ്ങളിൽ

നീന്തിക്കളിച്ചും കൈക്കുമ്പിളിൽ

തെളിനീർ കോരിക്കുടിച്ച ബാല്യം.

ഇനിയും ബാല്യത്തിൽ കണ്ട

തെളിനീരിനായ് എന്റെ കളിക്കൂട്ടായ്

വരുമെന്നു ഞാൻ പ്രതീക്ഷിച്ചിടട്ടെ?