കേരളത്തിലെ എല്ലാ റേഷൻകടകളും കെസ്റ്റോർ ആക്കും
അഗളി: കേരളത്തിലെ എല്ലാ റേഷൻകടകളും കെസ്റ്റോർ ആക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ. ഭക്ഷ്യധാന്യങ്ങൾ മാത്രം ലഭ്യമാക്കുന്നതിലുപരി മറ്റ് സേവനങ്ങൾ ലഭിക്കുന്ന ഇടമായി റേഷൻ കടകൾമാറുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി താലൂക്ക് സപ്ലൈ ഓഫിസിന്റെയും മുത്തിക്കുളം, ശിങ്കപ്പാറ, തടിക്കുണ്ട്, കിണറ്റുക്കര, മുരുഗള എന്നീ ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള കൂടുതൽ ഉത്പന്നങ്ങൾ കൂടി കെ സ്റ്റോറുകളിൽ ലഭ്യമാക്കും. അട്ടപ്പാടിയിൽ നിലവിൽ രണ്ടുമാസത്തിൽ ഒരിക്കൽ ലഭ്യമാവുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ സേവനം മാസത്തിലൊരിക്കലാക്കുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിൽ എല്ലാമേഖലയിലും ഘട്ടം ഘട്ടമായുള്ള വികസനങ്ങൾ യാഥാർത്ഥ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മുൻഗണന കാർഡിനുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കുന്നുണ്ട്. ജനങ്ങളുമായുള്ള അകലം കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി താലൂക്കിൽ ആകെ 21550 റേഷൻ കാർഡുകളിലായി 64103 ഗുണഭോക്താക്കൾക്ക് 500 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളാണ് വിതരണംചെയ്യുന്നത്. നിലവിൽ ആനവായി, മേലെതുടുക്കി,താഴെ തുടുക്കി,ഗലസി ,കടുകമണ്ണ എന്നീ ഉന്നതികളിൽ 132 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻ കട വഴി ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ 114 കുടുംബങ്ങൾക്ക് കൂടി പുതിയ സഞ്ചരിക്കുന്ന റേഷൻ കടയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഗളി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ അദ്ധ്യക്ഷനായി. പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, വൈസ് പ്രസിഡന്റ് കെ.കെ.മാത്യൂ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ കെ.ഹിമ, പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണൻ, പി.രാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എ.എസ്.ബീന, റേഷനിംഗ് കൺട്രോളർ ബി.ജ്യോതികൃഷ്ണ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.