സവാള വിലയിൽ നിയന്ത്രണവുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്, 40 ടൺ വെള്ളിയാഴ്ച എത്തും: വിൽപന സപ്ളെെക്കോ വഴി
തിരുവനന്തപുരം: സവാള വില നിയന്ത്രിക്കാൻ നടപടിയുമായി ഭക്ഷ്യ വകുപ്പ് രംഗത്തെത്തി. നാഫെഡ് വഴി നാസിക്കിൽ നിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന 40 ടൺ സവാള സപ്ളെെക്കോ വഴി കിലോ 45 രൂപ നിരക്കിൽ വിൽക്കാനാണ് തീരുമാനം. അതേസമയം, രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർദ്ധനയുണ്ടായിട്ടുണ്ട്.
മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാൽ കർണാടകയാണ് സവാള ഉത്പാദനത്തിൽ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വർഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു. മഴ പെയ്യുമ്പോൾ വിളവെടുത്താൽ പെട്ടെന്ന് കേടായിപ്പോവും. സവാളയ്ക്ക് ഏറെ ഡിമാൻഡുള്ള ഉത്തരേന്ത്യയിൽ വില നേരത്തെ തന്നെ 80 രൂപയിലേക്ക് കുതിച്ചതാണ്.
വിലക്കയറ്റം പിടിച്ചുനിറുത്താൻ ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം മുതൽ കിലോഗ്രാമിന് 23.90 രൂപ നിരക്കിൽ റേഷൻ കടകളിലൂടെ സവാള വിതരണം ആരംഭിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങൾ തോറും ഓരോന്ന് എന്ന കണക്കിൽ 70 മൊബൈൽ വിതരണകേന്ദ്രങ്ങളും തുടങ്ങി. ഒരു കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം വീതമാണ് വിതരണം. വില നിയന്ത്രിക്കാനായി കയറ്റുമതി നിരോധനത്തിന് പുറമെ വ്യാപാരികൾക്ക് സവാള സ്റ്റോക്ക് ചെയ്യുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട് കേന്ദ്ര സർക്കാർ. ചില്ലറവ്യാപാരികൾക്ക് പരമാവധി 100 ക്വിന്റലും മൊത്തവ്യാപാരികൾക്ക് 500 ക്വിന്റലുമാണ് പരിധി.