'കൈക്കൂലി പട്ടികയിൽ' ലാലച്ചനും പൂട്ടാനുറച്ച വിജിലൻസിന് പിടിവള്ളിയായി പരാതി
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോർപ്പറേഷന്റെ ഇടപ്പള്ളി സോണൽ ഓഫീസ് സൂപ്രണ്ട് ലാലച്ചൻ വിജിലൻസിന്റെ 'കൈക്കൂലി' പട്ടികയിൽ ഉണ്ടായിരുന്നയാൾ. പലരിൽ നിന്നായി കൈക്കൂലി ചോദിച്ച് വാങ്ങിയിരുന്നതായുള്ള വിവരം വിജിലൻസിന് നേരത്തെ ലഭിച്ചിരുന്നു. ഒന്നിലും പരാതി ഉണ്ടായിരുന്നില്ല. പക്ഷേ വിജിലൻസ് ലാലച്ചനെ നിരീക്ഷിച്ച് വരികയായിരുന്നു. മറ്റൊരു ഓപ്പറേഷനിലൂടെ പൂട്ടുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് അഭിഭാഷകന്റെ പരാതി പിടിവള്ളിയായത്. അറസ്റ്റും വേഗത്തിലായി.
ആലപ്പുഴ തുമ്പോളി സ്വദേശിയായ ലാലച്ചൻ വൈറ്റില സോണൽ ഓഫീസിലും ജോലി ചെയ്തിരുന്നു. ഇവിടെ വച്ചും കൈക്കൂലി വാങ്ങിയിരുന്നതായാണ് വിവരം. ഒപ്പം പിടിയിലായ റവന്യൂ ഇൻസ്‌പെക്ടർ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠൻ വിജിലൻസിന്റെ പട്ടികയിൽ ഉണ്ടായിരുന്നില്ല. ലാലച്ചൻ 5,000 രൂപയും മണികണ്ഠൻ 2,000 രൂപയുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മണികണ്ഠൻ താത്കാലികമായി താമസിക്കുന്ന കൊച്ചിയിലെ ക്വാർട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 46,000 രൂപയും തിരുവനന്തപുരം വലിയതുറയിലുള്ള വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത 11,500 രൂപയും പണമിടപാടുകൾ സംബന്ധിച്ച ബാങ്ക് രേഖകളും കണ്ടെത്തി.
സൂപ്രണ്ട് ലാലച്ചന്റെ ആലപ്പുഴ തുമ്പോളിയിലുള്ള വീട്ടിൽ നടത്തിയ സെർച്ചിൽ നിന്നും കണക്കിൽപ്പെടാത്ത 1,35,500 രൂപയും പണമിടപാടുകൾ സംബന്ധിച്ച വിവിധ രേഖകളും വിജിലൻസ് സംഘം കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. ലാലച്ചന്റെ മുറിയിൽ നിന്നാണ് ഇരുവരും പിടിയിലായത്.
മേഖലാ ഓഫീസ് പരിധിയിൽ വരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റി നൽകുന്നതിന് ഉടമസ്ഥനുവേണ്ടി അഭിഭാഷകൻ 2025 മേയിൽ ഓൺലൈനിൽ അപേക്ഷിച്ചിരുന്നു. പല കാരണങ്ങൾ പറഞ്ഞ് നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പരാതിക്കാരൻ ഇടപ്പള്ളി ഓഫീസിലെത്തി സൂപ്രണ്ട് ലാലച്ചനെയും റവന്യു ഇൻസ്‌പെക്ടർ മണികണ്ഠനെയും നേരിൽക്കണ്ട് വീണ്ടും വിവരം തിരക്കിയപ്പോഴാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്.
'മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം'
കൈക്കൂലിക്കേസിൽ ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ടും റവ്യന്യൂ ഇൻസ്‌പെക്ടറും പിടിയിലായ സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കളമശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിജിലൻസ് മേധാവിക്ക് പരാതി നൽകി. ഓൺലൈൻ സംവിധാനം ഉണ്ടായിട്ടും ഫയലുകൾ മനഃപൂർവം വൈകിപ്പിക്കുന്നതിനെക്കുറിച്ച് മേൽ ഉദ്യോഗസ്ഥർ പരിശോധിക്കാത്തത് അന്വേഷിക്കുക, കോർപ്പറേഷനിലെ അഴിമതിയുടെ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ മാത്രം പരിശോധിക്കാതെ ശൃംഖല പൂർണ്ണമായി കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് പരാതിയിലുള്ളത്.