20 കോടിയിലേറെ കുടിശിക, ജനറൽ ആശുപത്രിയിലെ മെഡി. ഉപകരണങ്ങൾ തിരിച്ചെടുക്കുമെന്ന് ഇംപ്ലാന്റ് വിതരണക്കാർ
കൊച്ചി: കോടികളുടെ കുടിശികയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിലെ സ്റ്റെന്റുകൾ, കത്തീറ്റർ, പേസ്‌മേക്കർ, ബലൂൺസ് തുടങ്ങിയ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവശ്യ സാധനങ്ങൾ തിരിച്ചെടുക്കാനൊരുങ്ങി മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് വാങ്ങിയതിലുൾപ്പെടെ 158 കോടിയോളമാണ് കുടിശിക. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് 20 കോടിയിലേറെയാണ് കിട്ടാനുള്ളത്. സമീപകാലത്ത് നാല് കോടിയോളം ജനറൽ ആശുപത്രി കൊടുക്കാനുള്ള തുക നൽകിയെന്ന് പറയുന്നുണ്ടെങ്കിലും 1.75കോടി മാത്രമേ ലഭ്യമായിട്ടുള്ളൂവെന്ന് വിതരണക്കാർ പറയുന്നു.
കുടിശിക ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു. ജൂലായ് 15ന് കിട്ടാനുള്ള തുക സംബന്ധിച്ച് ആരോഗ്യ മന്ത്രി ഉൾപ്പടെയുള്ളവർക്ക് വിവരങ്ങൾ അയച്ച് നൽകി. ആരോഗ്യ-ധനമന്ത്രിമാരുമായി ചർച്ചകളും നടത്തിയിരുന്നു. എന്നാൽ, ഫലം കണ്ടില്ല.
കുടിശികയായത് സ്റ്റെന്റ് വാങ്ങിയതിൽ
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയയ്ക്ക് സ്റ്റെന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശികയായത്. 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത്. സെപ്തംബർ ഒന്നു മുതൽ ആശുപത്രികൾ ഉപയോഗിക്കുന്ന സ്‌റ്റെന്റ് ഉൾപ്പെടെയുള്ളവയ്ക്ക് പകരം സാധനങ്ങൾ നൽകാതെ വന്നതോടെ കുറച്ച് തുക ലഭിച്ചിരുന്നുവെന്നും വിതരണക്കാർ വ്യക്തമാക്കി.
ആശുപത്രി- കുടിശിക
കോഴിക്കോട് മെഡിക്കൽ കോളേജ് - 34 കോടി രൂപ
തിരുവനന്തപുരം മെഡിക്കൽ കോളേജ്- 29 കോടി രൂപ
കളമശേരി മെഡിക്കൽ കോളേജ് - 2.4 കോടി
158 കോടി കിട്ടാനുള്ളിടത്ത് 28 കോടിയോളം മാത്രമാണ് ലഭിച്ചിട്ടുള്ളത്. സാധനങ്ങൾ തിരിച്ചെടുക്കുക അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ല സതീഷ് വാര്യർ സംസ്ഥാന പ്രസിഡന്റ്, സി.ഡി.എം.ഐ.ഡി
വിതരണക്കാരുടെ നടപടികളേക്കുറിച്ച് അറിയില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരാണ് കൈകാര്യം ചെയ്യുന്നത് ജനറൽ ആശുപത്രി അധികൃതർ