ശ്രീനാരായണ ഗുരുദേവ മഹാ സമാധി ശതാബ്ദി ആചരണം

Saturday 18 October 2025 12:08 AM IST

ശിവഗിരി:ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി ആചരണത്തിന് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ രണ്ടു വർഷം നീണ്ടു നില്‍ക്കുന്ന വിജ്ഞാനപ്രദവും ഭക്തിനിർഭരവുമായ ചടങ്ങുകളോടെ ഒക്ടോബർ 23ന് തുടക്കമാകും.ശിവഗിരി മഠത്തിൽ നടക്കുന്ന ഗുരുദേവ പരിനിർവ്വാണ ശതാബ്ദി ആചരണ സമ്മേളനം ഉച്ചയ്ക്ക് 12.50ന് രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ, മന്ത്രി വി.ശിവൻകുട്ടി, രാജീവ് ചന്ദ്രശേഖർ,അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ, കെ.ജി.ബാബുരാജൻ (ബഹ്‌റൈൻ ) തുടങ്ങിയവർ പങ്കെടുക്കും. നാരായണ ഗുരുകുലം, എസ്.എൻ.ഡി.പി യോഗം,ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി, ശ്രീനാരായണീയ ക്ഷേത്രങ്ങൾ, ശ്രീനാരായണ ക്ലബ്ബുകൾ, പ്രാദേശിക ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെയെല്ലാം സംയുക്ത സഹകരണത്തോടെ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിലാണ് ശതാബ്ദി പരിപാടികൾക്ക് രൂപം നല്‍കിയിരിക്കുന്നത്. കേന്ദ്ര ,സംസ്ഥാന ഗവൺമെന്റുകളുടെ സഹകരണത്തോടെ ശതാബ്ദി വിപുലമായി ആഘോഷിക്കുമെണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പറഞ്ഞു.

സുരക്ഷാ

മുന്നൊരുക്കങ്ങൾ

രാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന

വകുപ്പ്തല സുരക്ഷാ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. പൊലീസ് മേധാവികളും വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഉദ്യോഗസ്ഥരും കുറ്റമറ്റ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്നു. 23ന് ഉച്ചയ്ക്ക് 12.40ന് ശിവഗിരിയിലെത്തുന്ന ദ്രൗപതി മുർമു മഹാസമാധിയിൽ ദർശനം നടത്തും.12.50മുതൽ 1.30വരെ പരിനിർവ്വാണ ശതാബ്ദി ആചരണ സമ്മേളനത്തിൽ പങ്കെടുക്കും.ഉച്ചഭക്ഷണം ശിവഗിരി മഠം സന്യാസി ശ്രേഷ്ഠർക്കൊപ്പമാകും.സംസ്ഥാന ടൂറിസം വകുപ്പിനായിരിക്കും ഇതിന്റെ ചുമതല. 2.40ന് ശിവഗിരിയിൽ നിന്നും പുറപ്പെട്ട് 2.50ന് പാപനാശം ഹെലിപ്പാടിൽ നിന്നും പ്രത്യേക ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും.